Cristiano Ronaldo

"റൊണാൾഡോയെ നഷ്‌ടപ്പെടുത്താൻ കഴിയില്ല"- താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന് ബ്രൂണോ ഫെർണാണ്ടസ്

Sreejith N
Bruno Fernandes Hopes Ronaldo Will Remain At Man Utd
Bruno Fernandes Hopes Ronaldo Will Remain At Man Utd / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയെ നഷ്‌ടപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയില്ലെന്നും താരം ക്ലബിനൊപ്പം തന്നെ അടുത്ത സീസണിലും തുടരുമെന്നു പ്രതീക്ഷിക്കുന്നതായും സഹതാരം ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പൂർണമായും സംതൃപ്‌തനല്ലാത്ത റൊണാൾഡോ സമ്മറിൽ ക്ലബ് വിടാൻ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് ബ്രൂണോ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം സീസണാണ് കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കിയത്. വെറും അൻപത്തിയെട്ടു പോയിന്റുകൾ മാത്രം നേടി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡിനു വരുന്ന സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് റൊണാൾഡോ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

"തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കുന്ന പ്രീ സീസൺ ട്രെയിനിങ്ങിന് ക്രിസ്റ്റ്യാനോ റൊണാൾഡോ എനിക്കൊപ്പം അവിടെയുണ്ടാകും എന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. പോർച്ചുഗൽ ദേശീയ ടീമിന്റെ ഒപ്പമുള്ള മത്സരങ്ങൾ കാരണം വൈകിയെത്താൻ സാധ്യതയുള്ള റൊണാൾഡോ തിരിച്ചു വരുന്നതിനേക്കാൾ കൂടുതൽ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല." ബ്രൂണോ ഫെർണാണ്ടസ് ഓ ജോഗോയോട് പറഞ്ഞു.

"എനിക്ക് അറിയാവുന്നിടത്തോളം അതിൽ കൂടുതലായി മറ്റൊന്നും തന്നെയില്ല. പക്ഷെ എല്ലാവർക്കും അവരവരുടെ ഭാവി അറിയാൻ കഴിയും. റൊണാൾഡോയെപ്പോലെ പ്രധാനപ്പെട്ടൊരു താരത്തെ ക്ലബ് നഷ്‌ടപ്പെടുത്തും എന്നു ഞാൻ കരുതുന്നില്ല." ഫെർണാണ്ടസ് വ്യക്തമാക്കി.

എറിക് ടെൻ ഹാഗിനു കീഴിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം റൊണാൾഡോയും താരത്തെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം ഡച്ച് പരിശീലകനും നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ മാർക്കറ്റിൽ സജീവമായ ഇടപെടലുകൾ നടത്താത്തതാണ് റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നാണ് സൂചനകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit