Manchester United

എറിക് ടെൻ ഹാഗിന്റെ അച്ചടക്കനടപടികൾ ടീമിന് ആവശ്യമുള്ളതാണെന്ന് ബ്രൂണോ ഫെർണാണ്ടസ്

Sreejith N
Bruno Fernandes Have No Problems With Erik Ten Hag's Discipline Approach
Bruno Fernandes Have No Problems With Erik Ten Hag's Discipline Approach / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗ് ടീമിനുള്ളിൽ ഏർപ്പെടുത്തിയ അച്ചടക്കനടപടികൾ ആവശ്യമുള്ളതാണെന്നും അതിൽ താരങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലെന്നും വ്യക്തമാക്കി ടീമിന്റെ മധ്യനിരതാരമായ ബ്രൂണോ ഫെർണാണ്ടസ്. ഡച്ച് പരിശീലകൻ കൊണ്ടുവന്ന മാറ്റങ്ങൾ പ്രീ സീസൺ മത്സരങ്ങളിൽ ടീം ഉണ്ടാക്കിയെടുത്ത ഫലങ്ങളിൽ നിന്നും വ്യക്തമാണെന്നും പോർച്ചുഗൽ താരം പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാനാവാതെ കഴിഞ്ഞ സീസൺ അവസാനിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എറിക് ടെൻ ഹാഗ് ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിനു കീഴിൽ ഇറങ്ങിയ മൂന്നു പ്രീ സീസൺ മത്സരങ്ങളിലും മികച്ച വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുകയും ചെയ്‌തു.

"അച്ചടക്കം വളരെ പ്രധാനമാണ്,ഞങ്ങൾക്കത് കുറച്ചു കാലം നഷ്‌ടമാവുകയും ചെയ്‌തു. കളിക്കുന്ന ശൈലി മാത്രമല്ല അച്ചടക്കം കൊണ്ടുദ്ദേശിക്കുന്നത്. കളിക്കുന്ന പൊസിഷൻ, എന്താണ് ചെയ്യേണ്ടത് എന്നതിനൊപ്പം മീറ്റിങ്ങിനു വൈകാതിരിക്കുക, ഭക്ഷണത്തിനു വൈകാതിരിക്കുക തുടങ്ങിമൈതാനത്തിനു പുറത്തുള്ള കാര്യങ്ങളും അതിലുൾപ്പെടും."

"അതു വളരെ പ്രധാനമാണ്, കാരണം എല്ലാവരും സമയത്തു വരുമ്പോൾ ആരെങ്കിലുമൊരാൾ വൈകിയെത്തിയാൽ അയാൾക്ക് ശിക്ഷ ലഭിക്കണം. അതദ്ദേഹം ചെയ്യുന്നത് നല്ല കാര്യമാണ്, കാരണം ഞാൻ സമയത്ത് എത്താൻ ആഗ്രഹിക്കുന്നയാളാണ്, അതിനാൽ എനിക്കതൊരു പ്രശ്‌നമല്ല." ബ്രൂണോ ആസ്റ്റൺ വില്ലക്കെതിരായ പ്രീ സീസൺ മത്സരത്തിനു മുന്നോടിയായി പറഞ്ഞു.

പ്രീ സീസണിലെ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകൾ അടിച്ചു കൂട്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നിലും വിജയം നേടിയത്. ജൂലൈ ഇരുപത്തിമൂന്നിനാണ് ആസ്റ്റൺ വില്ലക്കെതിരായ പ്രീ സീസൺ മത്സരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit