മാഞ്ചസ്റ്റർ യുണൈറ്റഡിൽ എട്ടാം നമ്പർ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ബ്രൂണോ ഫെർണാണ്ടസ്


ബ്രൂണോ ഫെർണാണ്ടസ് ഈ സീസണിൽ എട്ടാം നമ്പർ ജേഴ്സിയണിഞ്ഞാണ് യുണൈറ്റഡിനായി കളിക്കളത്തിലേക്കിറങ്ങുന്നത്. കഴിഞ്ഞ സീസൺ വരെ 18ആം നമ്പർ ജേഴ്സിയിൽ കളിച്ച ഫെർണാണ്ടസ്, ജുവാൻ മാറ്റ ക്ലബ് വിട്ടതോടെയാണ് താരം അണിഞ്ഞിരുന്ന 8ആം നമ്പറിലേക്ക് മാറിയത്.
എട്ടാം നമ്പർ ജേഴ്സിയിലേക്ക് മാറിയത് തന്റെ പിതാവിനോടുള്ള ആദരസൂചകമായാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫെർണാണ്ടസിപ്പോൾ.
"ആ ഷർട്ട് [എനിക്ക്] ഒരുപാട് അർത്ഥമാക്കുന്നുണ്ട്. ആ [നമ്പറിന്] പിന്നിൽ ഒരു ചരിത്രമുണ്ട്, കാരണം എന്റെ അച്ഛൻ ഒരു കളിക്കാരനായിരുന്നപ്പോൾ എട്ടാം നമ്പറിട്ടാണ് കളിച്ചിരുന്നത്."
"ജോലിക്കായി ഒരു ഓഫർ ഉണ്ടായിരുന്നതിനാൽ അദ്ദേഹം ഫുട്ബോൾ ഉപേക്ഷിച്ചു. വ്യക്തമായും ആ സമയത്ത് എനിക്കും എന്റെ സഹോദരന്മാർക്കും കുടുംബത്തിലെ എല്ലാവർക്കും നല്ലത് അദ്ദേഹം ഫുട്ബോൾ കളിക്കുന്നതിനേക്കാൾ ശരിയായ ജോലിക്ക് പോവുക എന്നത് തന്നെയായിരുന്നു."
"[എട്ടാം നമ്പർ] അദ്ദേഹം രണ്ട് വർഷം ഉപയോഗിച്ചിരുന്ന നമ്പറാണ്. [ഒരു ഫുട്ബോൾ കളിക്കാരനാകുക] അത് അദ്ദേഹത്തിന്റെ സ്വപ്നം കൂടിയായതിനാൽ, എന്റെ സ്വപ്നം കുറച്ച് അദ്ദേഹത്തിന്റേതും കൂടിയാകുന്നു," ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടിവിയോട് പറഞ്ഞു.
കുട്ടിക്കാലത്തെ തനിക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ ത്യാഗങ്ങളെ സ്മരിക്കുന്ന BF8 എന്ന ടാറ്റൂവിനെക്കുറിച്ചും ബ്രൂണോ വിശദീകരിച്ചു.
“ബി എന്നത് എന്റെ അമ്മയുടെ അവസാന നാമമാണ്, ബോർജസ്, എഫ് എന്നത് എന്റെ പിതാവായ ഫെർണാണ്ടസിന്റെ അവസാന നാമമാണ്. എട്ട് എന്റെ ജന്മദിനമാണ്! അതിനാൽ ഈ എട്ട് എന്ന നമ്പർ എന്നെക്കുറിച്ച് ഒരുപാട് പറയുന്നു, എന്റെ കുടുംബത്തെക്കുറിച്ച് ഒരുപാട് പറയുന്നു, എന്റെ ഭൂതകാലത്തെക്കുറിച്ച് ഒരുപാട് പറയുന്നു, അതുകൊണ്ടാണ് ഞാൻ ഇത് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ഇത് എന്റെ ഇഷ്ടനമ്പർ ആയത്," ബ്രൂണോ കൂട്ടിച്ചേർത്തു.