എറിക് ടെൻ ഹാഗിന്റേത് താരങ്ങളെ തളർത്തുന്ന അതിതീവ്ര പരിശീലന സെഷനുകളാണെന്ന് ബ്രൂണോ ഫെർണാണ്ടസ്


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എത്തിയ എറിക് ടെൻ ഹാഗിനു കീഴിലെ പരിശീലന സെഷനുകളെ കുറിച്ച് വെളിപ്പെടുത്തി ക്ലബിന്റെ മധ്യനിരതാരം ബ്രൂണോ ഫെർണാണ്ടസ്. അതിതീവ്രമായ പരിശീലന സെഷനുകൾ താരങ്ങളെ തളർത്തുന്ന തരത്തിലുള്ളതാണെങ്കിലും ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ അതു തന്നെയാണു വേണ്ടതെന്നാണ് ബ്രൂണോ ഫെർണാണ്ടസ് പറയുന്നത്.
വളരെ വേഗത്തിലുള്ള പാസിംഗിനും ബിൽഡ് അപ്പ് പ്ലേക്കും വേണ്ടി താരങ്ങളെ ഒരുക്കുന്ന അൻപത്തിരണ്ടുകാരനായ എറിക് ടെൻ ഹാഗ് കളിക്കാർക്ക് ഏറ്റവും മികച്ച ഫിറ്റ്നസ് നിലനിർത്താൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഫെർണാണ്ടസ് പറയുന്നു. ഇതിന്റെ ചില വീഡിയോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോസ്റ്റ് ചെയ്തതിനു വലിയ സ്വീകാര്യതയും ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട്.
‘Really tired’ - Bruno Fernandes details ‘intense’ Erik ten Hag training ahead of Manchester United vs Liverpool #MUFC https://t.co/TUodh2OaSd
— Man United News (@ManUtdMEN) July 12, 2022
"അതു വളരെ തീവ്രമായ ഒന്നാണ്. ടെൻ ഹാഗിന് തീവ്രമായ രീതിയിലുള്ള പരിശീലനമാണ് ഇഷ്ടം, പന്ത് നഷ്ടമായാലുള്ള പ്രതികരണവും അദ്ദേഹം ശ്രദ്ധിക്കും. എല്ലാവരും പന്തിനായി ഓടുന്നത് ഇഷ്ടപ്പെടുന്ന അദ്ദേഹം വളരെ മികച്ച പരിശീലകനാണ്. എല്ലാവരും അതാസ്വദിക്കുന്നു. എല്ലാവരും പരിശീലനസെഷനു ശേഷം വളരെ തളരുന്നുണ്ടെങ്കിലും അതു തന്നെയാണ് ഞങ്ങൾ ചെയ്യേണ്ടത്."
"ഓരോ പരിശീലനസെഷനു ശേഷവും ഞങ്ങൾ അങ്ങിനെ തന്നെയായിരിക്കണം. എങ്കിലാണ് പരിശീലനം എത്ര മികച്ച ഒന്നാണെന്ന് നിങ്ങൾ മനസിലാക്കുക. ഞാൻ പറഞ്ഞ പോലെ, ഞങ്ങൾ കഠിനമായി അധ്വാനിക്കണം. അതിപ്പോൾ ചെയ്തെങ്കിൽ മാത്രമേ സീസൺ ആരംഭിക്കുമ്പോഴേക്കും ഞങ്ങൾക്ക് ഫിറ്റ്നസ് നേടിയെടുക്കാൻ കഴിയൂ."
"സീസണിൽ ആദ്യമുള്ള മത്സരങ്ങൾ വിചാരിക്കുന്നതു പോലെ ആയിരിക്കില്ലെന്ന് ഉറപ്പാണ്. പക്ഷെ അത് ഞങ്ങൾ തന്നെയാവണം വിജയിക്കുന്നത്. ഞങ്ങൾക്ക് കഴിയുന്നതിന്റെ പരമാവധിയും പരിശീലകനും സ്റ്റാഫുകളും ആവശ്യപ്പെടുന്നതും ഞങ്ങൾക്ക് നൽകണം." ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വെബ്സൈറ്റിനോട് പറഞ്ഞു.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ പ്രീ സീസൺ മത്സരം ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6.30നാണു നടക്കുന്നത്. തായ്ലൻഡിലെ രാജമംഗല സ്റ്റേഡിയത്തിൽ ലിവർപൂളിനെതിരെ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനു പുതിയ പരിശീലകനു കീഴിൽ എത്രത്തോളം മുന്നോട്ടു പോയെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.