Football in Malayalam

ടീം ആവർത്തിച്ച് വരുത്തുന്ന 'ആ തെറ്റ്' എവർട്ടണെതിരായ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായെന്ന് ബ്രൂണോ

Manchester United v Villarreal - UEFA Champions League
Manchester United v Villarreal - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

എവർട്ടണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി കളിച്ചുവെന്നും എന്നാൽ രണ്ടാം പകുതിയിൽ തങ്ങൾ കളിയുടെ വേഗത കുറച്ചത് തിരിച്ചടിയായെന്നും ബ്രൂണോ ഫെർണാണ്ടസ്. ഇതേ തെറ്റ് (മത്സരം മന്ദഗതിയിലാക്കുന്നത്) മാഞ്ചസ്റ്റർ യുണൈറ്റഡ് കുറേ നാളുകളായി വരുത്തുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയ ബ്രൂണോ, ടീമിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവുകളെക്കുറിച്ചും മത്സരശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ടിവിയോട് സംസാരിക്കവെ വ്യക്തമാക്കി.

""ആദ്യ പകുതിയിൽ ഞങ്ങൾ വളരെ നന്നായി കളിച്ചു, ധാരാളം അവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഒരിക്കൽക്കൂടി ഞങ്ങൾ കളി പതുക്കെയാക്കി, ഒരിക്കൽക്കൂടി ഞങ്ങൾ ആ തെറ്റ് ചെയ്തു." "

ബ്രൂണോ ഫെർണാണ്ടസ്

വിജയിച്ച് നിൽക്കുന്ന സമയത്ത് മത്സരം മന്ദഗതിയിലാക്കരുതെന്നും, തങ്ങൾ ഒത്തിരി ‌തവണ അങ്ങനെ ചെയ്തിട്ടുണ്ടെന്നും പറയുന്ന ബ്രൂണോ, ഈ സമയങ്ങളിൽ കളിയുടെ വേഗം കൂട്ടാനും, വീണ്ടും സ്കോർ ചെയ്യാനുമാണ് ശ്രമിക്കേണ്ടതെന്നും, ഒന്നോ‌ രണ്ടോ ഗോളുകൾ നേടിയതിന് ശേഷം മാത്രമേ കളിയുടെ വേഗത കുറക്കാവൂ എന്നും വ്യക്തമാക്കി.

മത്സരത്തിൽ എവർട്ടൺ നേടിയ സമനില ഗോളിന് ഫ്രെഡിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും സംസാരത്തിനിടെ ബ്രൂണോ അഭിപ്രായപ്പെട്ടു. അത് തന്നിൽ നിന്നുള്ള മോശം കോർണറായിരുന്നുവെന്നും, ബോക്സിന് വെളിയിൽ മികച്ച രീതിയിൽ അടച്ചുപൂട്ടാൻ തങ്ങൾക്കായില്ലെന്നും ചൂണ്ടിക്കാട്ടുന്ന പോർച്ചുഗീസ് താരം, തങ്ങൾ പന്ത് ക്ലിയർ ചെയ്യുകയോ, ഫൗൾ നടത്തുകയോ ചെയ്തില്ലെന്നും കൂട്ടിച്ചേർത്തു. തന്റെ കോർണറിൽ തുടങ്ങി പിന്നാലെ സംഭവിച്ച നിരവധി തെറ്റുകളിൽ നിന്നാണ് എവർട്ടണിന്റെ ഗോൾ വന്നതെന്നാണ് ബ്രൂണോ വ്യക്തമാക്കുന്നത്.

അതേ സമയം എവർട്ടണെതിരായ മത്സരത്തിൽ ലീഡെടുത്തതിന് ശേഷമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ആദ്യ പകുതിയുടെ നാൽപ്പത്തിമൂന്നാം മിനുറ്റിൽ ആന്തണി മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി വല കുലുക്കിയപ്പോൾ, അറുപത്തിയഞ്ചാം മിനുറ്റിൽ ആൻഡ്രോസ് ടൗൺസെൻഡായിരുന്നു എവർട്ടണിന്റെ സമനില ഗോൾ നേടിയത്.

facebooktwitterreddit