അർഹിക്കുന്ന സ്ഥാനത്തേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുവരും; ബ്രൂണോ ഫെര്‍ണാണ്ടസ്

Fernandes believes better times are coming for Man Utd
Fernandes believes better times are coming for Man Utd / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

നല്ല ദിനങ്ങളിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചുവരുമെന്ന് പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രൂണോ മനസ് തുറന്നത്. അവസാന സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തെത്താന്‍ മാത്രമേ യുണൈറ്റഡിന് കഴിഞ്ഞിരുന്നുള്ളു.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടെ സ്വന്തമാക്കി ടീം ശക്തമാക്കിയ ചുവന്ന ചെകുത്താന്മാർക്ക് പക്ഷെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. 1990ന് ശേഷം യുണൈറ്റഡിന്റെ ഏറ്റവും മോശം സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ സീസണിലേത്.

കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന്റെ പ്രകടനം മോശമായിരുന്നിട്ടും ക്ലബിന്റെ മധ്യനിരയിലെ പ്രധാനിയായ ബ്രൂണോ ഏപ്രിലില്‍ പുതുതായി ദീര്‍ഘകാല കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. 20 തവണ ഇംഗ്ലണ്ടിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശോഭനമായൊരു ഭാവി മുന്നിലുണ്ടെന്ന് കണ്ടാണ് പുതിയ കരാര്‍ ഒപ്പുവെച്ചതെന്ന് ബ്രൂണോ വ്യക്തമാക്കി.

"ക്ലബ് അര്‍ഹിക്കുന്ന സ്ഥാനത്ത് തിരിച്ചെത്തുമെന്ന് വിശ്വസിക്കുന്നു. അതിനാലാണ് ഞാന്‍ ഒരു പുതിയ കരാര്‍ ഒപ്പുവെച്ചത്. എന്നെ സംബന്ധിച്ചടിത്തോളം, ഞാന്‍ ക്ലബുമായി ദീര്‍ഘകാല ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരാറിനെ കുറിച്ചല്ല, മറിച്ച് ക്ലബിന്റെ ഭാവിയെ കുറിച്ച്," ബ്രൂണോ വ്യക്തമാക്കി.

"ക്ലബ്ബ് വിജയിക്കാൻ ആഗ്രഹിക്കുന്നു, ക്ലബ്ബ് എന്തെങ്കിലും നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. അവർ എന്നോട് പറഞ്ഞതിൽ നിന്ന്, ക്ലബ് അതിന്റെ നിലവാരത്തിലേക്ക് മടങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഒരുപക്ഷേ അടുത്ത സീസണിലായിരിക്കില്ല (മടങ്ങിയെത്തുന്നത്). പക്ഷേ പടിപടിയായി, ക്ലബ് മഹത്തായ ദിവസങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് ഞാൻ കരുതുന്നു," താരം കൂട്ടിച്ചേർത്തു.

പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ട്ടിങ്ങില്‍ നിന്നായിരുന്നു ബ്രൂണോ യുണൈറ്റഡിന്റെ മധ്യനിരയിലെത്തിയത്. ക്ലബിലെത്തിയ ആദ്യ സീസണില്‍ തന്നെ യുണൈറ്റഡിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ബ്രൂണോക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന സീസണില്‍ താരത്തിന് അത്ര മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.