മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡിന്റെ പിന്തുണ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറിനുണ്ടെന്ന് വ്യക്തമാക്കി ബ്രൂണോ ഫെർണാണ്ടസ്

Ali Shibil Roshan
Ole Gunnar Solskjaer and Bruno Fernandes
Ole Gunnar Solskjaer and Bruno Fernandes / Gareth Copley/GettyImages
facebooktwitterreddit

2021/22 സീസണിലെ മികച്ച തുടക്കത്തിന് ശേഷം മോശം ഫോമിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണതോടെ സമ്മർദ്ദത്തിലായ ക്ലബ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറിന് സ്‌ക്വാഡിന്റെ പിന്തുണ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി ബ്രൂണോ ഫെർണാണ്ടസ്.

കഴിഞ്ഞ എട്ട് മത്സരങ്ങളിൽ വെറും മൂന്നെണ്ണത്തിൽ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയിക്കാൻ കഴിഞ്ഞുള്ളൂ എന്നതാണ് സോൾഷെയറെ സമ്മർദ്ദത്തിലാക്കുന്നത്. വിജയിച്ച മത്സരങ്ങളിൽ പോലും പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ല എന്നതും ടീമിന്റെയും ആരാധകരുടെയും ആശങ്കയേറ്റുന്ന ഘടകമാണ്. എന്നാൽ, സോൾഷെയറിൽ ടീമിന് ഇപ്പോഴും വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് ഫെർണാണ്ടസ്.

"അതെ, തീർച്ചയായും, അദ്ദേഹം ഞങ്ങളുടെ പരിശീലകനാണ്. ഞങ്ങൾ എല്ലാ ദിവസവും അദ്ദേഹത്തെ പിന്തുടരുന്നു. ഞങ്ങൾ അത് കാണിക്കുന്നുമുണ്ട്. ഞങ്ങൾ അദ്ദേഹത്തിൻറെ ആശയങ്ങൾ പിന്തുടരുന്നു, ഞങ്ങൾ അത് ചെയ്യുന്നത് ഇനിയും തുടരും. ഞങ്ങളുടെ കോച്ചിലും ഞങ്ങളുടെ സ്റ്റാഫിലും ഞങ്ങൾ വിശ്വസിക്കുന്നു..." ഫെർണാണ്ടസ് പറഞ്ഞു.

"മൂന്ന് വർഷമായി അദ്ദേഹമിവിടെയുണ്ട്, ഞങ്ങൾ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഇതുവരെ ഒന്നും നേടിയിട്ടില്ല എന്നത് ശരിയാണ്, പക്ഷേ ഞങ്ങൾ വളരെയധികം വളർന്നിട്ടുണ്ടെന്ന് ടീം കാണിച്ചിട്ടുമുണ്ട്.

"ഞങ്ങൾക്ക് ഒരുപാട് മെച്ചപ്പെടാനുണ്ട്, പരിശീലകനും അറിയാം അവരുടെ ഭാഗത്ത് നിന്ന് കുറച്ച് മെച്ചപ്പെടുത്തലുകൾ ഉണ്ടാവേണ്ടതുണ്ടെന്ന്. എന്നാൽ അത് ഫുട്ബോളിന്റെ ഭാഗമാണ്. എല്ലാ ദിവസവും നമ്മൾ പുതിയ എന്തെങ്കിലും പഠിക്കുന്നു."

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയോടേറ്റ പരാജയം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും, ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്ക് എതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം മൂന്നെണ്ണം തിരച്ചടിച്ച് നേടിയ വിജയം സോൾഷെയറുടെ മേലുള്ള സമ്മർദ്ദം കുറക്കാൻ സഹായകമായിട്ടുണ്ട്.

ശക്തരായ എതിരാളികളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി നേരിടാനുള്ളതെന്നതിനാൽ, ഇനിയുള്ള മത്സരങ്ങളിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് സോൾഷെയറിന് അനിവാര്യമാണ്. പ്രീമിയർ ലീഗിൽ അപരാജിതരായി കുതിക്കുന്ന ലിവർപൂളുമായാണ് ചുവന്ന ചെകുത്താന്മാരുടെ അടുത്ത മത്സരം. അതിന് ശേഷം ടോട്ടൻഹാം ഹോട്സ്പറിനെ നേരിടുന്ന യുണൈറ്റഡിന്റെ പിന്നീടുള്ള മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്ക് എതിരെയും, ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുമാണ്.


facebooktwitterreddit