മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചില‌ കാര്യങ്ങൾ മാറേണ്ടതായുണ്ട്; ഡെർബി‌ പോരാട്ടത്തിന് ശേഷം തുറന്ന് പറഞ്ഞ് ബ്രൂണോ ഫെർണാണ്ടസ്

By Gokul Manthara
FBL-ENG-PR-MAN UTD-MAN CITY
FBL-ENG-PR-MAN UTD-MAN CITY / OLI SCARFF/GettyImages
facebooktwitterreddit

നിലവാരത്തിന്റെ കാര്യത്തിൽ മുൻ നിര ടീമുകളുമായി തങ്ങൾക്കുള്ള അന്തരം നികത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചില മാറ്റങ്ങൾ വരേണ്ടത് അത്യാവശ്യമാണെന്ന് ക്ലബ്ബിന്റെ പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ഡെർബി പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതിന് ശേഷം സംസാരിക്കവെയായിരുന്നു ടീമിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ബ്രൂണോ തുറന്ന് സമ്മതിച്ചത്.

"ഞങ്ങളും മുൻ നിര ടീമുകളും തമ്മിൽ നിലവാരത്തിന്റെ കാര്യത്തിലുള്ള വിടവ് നികത്താൻ‌ യുണൈറ്റഡിൽ ചില മാറ്റങ്ങൾ വരേണ്ടതുണ്ട്. ഇപ്പോൾ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്, എന്നാൽ ഞങ്ങളിൽ നിന്ന് അത് (സിറ്റിക്കെതിരായ പ്രകടനം) മതിയായിരുന്നില്ല.

ഞങ്ങൾ മാറേണ്ടതുണ്ട്. ഇതിനോടകം പല തവണ ഇങ്ങനെ സംഭവിച്ചു കഴിഞ്ഞു, ഞങ്ങൾ സീസണിന്റെ തുടക്കത്തിലാണ്. ഞങ്ങൾ കുറച്ച് സംസാരിക്കുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും വേണം. ഞങ്ങൾ കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഞങ്ങൾ ഒരേ നിലയിലല്ലെന്ന് ഇന്ന് അവർ (മാഞ്ചസ്റ്റർ സിറ്റി) ഞങ്ങൾക്ക് കാണിച്ചു തന്നു." ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

അതേ സമയം ഫുട്ബോൾ ലോകം വലിയ ആവേശത്തോടെ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ ആധികാരിക ജയമായിരുന്നു പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നേടിയത് (2-0). മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സിറ്റിയുടെ ഇരു ഗോളുകളും പിറന്നത്. ഈ തകർപ്പൻ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണുള്ളത്.

facebooktwitterreddit