Premier League

കവാനിയുടെ അത്ഭുതഗോളിനെച്ചൊല്ലി വിവാദം, അസിസ്റ്റ് ചെയ്തത് താനല്ലെന്ന് ബ്രൂണോ ഫെർണാണ്ടസ്

Sreejith N
Manchester United v Fulham - Premier League
Manchester United v Fulham - Premier League / Laurence Griffiths/Getty Images
facebooktwitterreddit

ഫുൾഹാമിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയെങ്കിലും മുന്നേറ്റനിര താരം എഡിസൺ കവാനി നേടിയ ഗോൾ ആരാധകർക്ക് അത്ഭുതവും രോമാഞ്ചവും സമ്മാനിക്കുന്നതായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോൾപോസ്റ്റിന്റെ ഏതാണ്ട് നാൽപതു വാര അകലെ നിന്നും പന്തു ലഭിച്ച യുറുഗ്വായ് താരം ഗോൾകീപ്പറുടെ സ്ഥാനപ്പിഴവു മനസിലാക്കി അതദേഹത്തിന്റെ തലക്കു മുകളിലൂടെ വലയിൽ എത്തിക്കുകയായിരുന്നു.

അതേസമയം കവാനിയുടെ ഗോളിനെച്ചൊല്ലി മത്സരത്തിനു ശേഷം വിവാദവും ഉയരുന്നുണ്ട്. ഡി ഗിയ നൽകിയ പാസിൽ ബ്രൂണോ ഫെർണാണ്ടസ് നടത്തിയ ഫസ്റ്റ് ടൈം ഫ്ലിക്കിനു ശേഷമാണ് കവാനിയുടെ കാലിൽ പന്തെത്തിയതെന്ന കാരണത്താലാണ് റഫറി ഗോൾ അനുവദിച്ചത്. എന്നാൽ ഡി ഗിയയുടെ പാസിനു ശേഷം താൻ പന്തു തൊട്ടിട്ടില്ലെന്നും ആ അസിസ്റ്റിന്റെ ക്രെഡിറ്റ് താൻ അർഹിക്കുന്നില്ലെന്നും ഫെർണാണ്ടസ് പറയുന്നു.

"ഞാനാ പന്തു തോട്ടിട്ടില്ലെന്നു സത്യസന്ധമായി പറയുന്നു. എന്തു തന്നെയായാലും ഞാനതിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നെ സംബന്ധിച്ച് പന്ത് വലയിലെത്തിയോ എന്നതാണ് പ്രധാനം. ആരു ഗോൾ നേടി, ആരാണതിനു അസിസ്റ്റ് ചെയ്‌തതെന്നൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല." മത്സരത്തിനു ശേഷം മാച്ച് ഓഫ് ദി ഡേയിൽ ഫെർണാണ്ടസ് പറഞ്ഞു.

അതേസമയം ബ്രൂണോ ഫെർണാണ്ടസ് പന്തു തൊട്ടിട്ടില്ലെങ്കിൽ ഡി ഗിയ പാസ് ചെയ്യുന്ന സമയത്ത് കവാനി ഓഫ്‌സൈഡ് ആണെന്നാണ് ഫുൾഹാം പരിശീലകനും പറയുന്നത്. "അതെന്തു കൊണ്ട് ഓഫ്‌സൈഡ് അല്ലെന്ന് എനിക്കു മനസിലാകുന്നില്ല. ഫെർണാണ്ടസ് പന്തു തൊട്ടിട്ടില്ലെങ്കിൽ അത് അഞ്ചു വാരയെങ്കിലും ഓഫ്‌സൈഡ് ആണെന്ന് ഫോർത്ത് ഒഫിഷ്യൽ പറയുന്നു."

"വീഡിയോ റഫറിയിങ് ഇല്ലായിരുന്നെങ്കിൽ മാനുഷികമായ പിഴവു കൊണ്ടാണ് ആ ഗോൾ നൽകിയതെന്നു കരുതാമായിരുന്നു. എന്നാൽ ദൃശ്യങ്ങൾ സാവധാനത്തിൽ കണ്ട് എല്ലാ ആംഗിളിൽ നിന്നും പരിശോധിച്ചാൽ പന്തിൽ ബ്രൂണോ ഫെർണാണ്ടസ് തൊട്ടിട്ടില്ലെന്ന കാര്യം മനസ്സിലാക്കാമായിരുന്നു." ഫുൾഹാം മാനേജർ സ്‌കോട്ട് പാർക്കർ വ്യക്തമാക്കി.

facebooktwitterreddit