'അവന് ചെയ്യാൻ ഇനിയും കാര്യങ്ങൾ ബാക്കിയുണ്ട്' - റൊണാൾഡോ യുവന്റസിൽ തുടരുമെന്നാണ് താൻ കരുതുന്നതെന്ന് ബ്രൂണോ ആൽവസ്

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസിൽ ചെയ്യാൻ ഇനിയും കാര്യങ്ങൾ ബാക്കിയുണ്ടെന്നും, അത് കൊണ്ട് തന്നെ താരം അവിടെ തുടരുമെന്നാണ് തനിക്ക് തോന്നുന്നതെന്നും മുൻ പോർച്ചുഗീസ് ദേശിയ ടീം താരമായ ബ്രൂണോ ആൽവസ്.
2022 വരെ യുവന്റസുമായി കരാറുണ്ടെങ്കിൽ, റൊണാൾഡോ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു. മറ്റു ക്ലബുകളുമായി തന്നെ ബന്ധിപ്പിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ റൊണാൾഡോ തന്നെ രംഗത്ത് വന്നതോടെ, ഈ സീസണിൽ താരം യുവന്റസിൽ തന്നെ തുടരുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തവണ റൊണാൾഡോ യുവന്റസ് വിടില്ലെന്ന് തന്നെയാണ് ദേശിയ ടീമിൽ സഹതാരമായിരുന്ന ബ്രൂണോ ആൽവസും കരുതുന്നത്. റൊണാൾഡോയോട് താൻ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ആൽവസ്, സീരി എ കിരീടം തിരിച്ചുപിടിക്കുക, ചാമ്പ്യൻസ് ലീഗിന് വേണ്ടി ഒരു അവസാന ശ്രമം നടത്തുക എന്നീ കാര്യങ്ങൾ താരത്തിന് യുവന്റസിൽ ഇനിയും ചെയ്യാനുണ്ടെന്നും അഭിപ്രായപ്പെട്ടു.
"ഞാൻ ഈ കാര്യങ്ങളെ കുറിച്ച് അവനുമായി സംസാരിച്ചിട്ടില്ല. അവസാനം അവൻ യുവന്റസിൽ തന്നെ തുടരുമെന്നാണ് എനിക്ക് തോന്നുന്നത്, കാരണം അവന് ചെയ്യാൻ ഇനിയും കാര്യങ്ങൾ ബാക്കിയുണ്ട്: സ്ക്യൂഡറ്റോ തിരിച്ചു പിടിക്കുകയും, ചാമ്പ്യൻസ് ലീഗിന് വേണ്ടി ഒരു അവസാന ശ്രമം നടത്തുകയും. എപ്പോഴും സ്വയം തെളിയിക്കാൻ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നു, ജേതാവായി ജനിച്ചവനാണവൻ," റൊണാൾഡോയുടെ ഭാവിയെ കുറിച്ച് ആൽവസ് ടുട്ടോസ്പോർട്ടിനോട് പറഞ്ഞു.
അതേ സമയം, ഓഗസ്റ്റ് 22ന് ഇന്ത്യൻ സമയം രാത്രി പത്ത് മണിക്ക് യുവന്റസ് സീരി എ 2021/22 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. പുതു സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ ലക്ഷ്യമിടുന്ന യുവന്റസിന്റെയും റൊണാൾഡോയുടെയും എതിരാളികൾ ഉഡിനസാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.