Football in Malayalam

റൊണാൾഡോയും മെസിയും പിഎസ്‌ജി ജേഴ്‌സിയിൽ നിൽക്കുന്ന ചിത്രം ട്വീറ്റു ചെയ്‌ത്‌ പിഎസ്‌ജി ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ

Sreejith N
FBL-FIFA-AWARDS
FBL-FIFA-AWARDS / AFP Contributor/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകം ഏറെ ചർച്ച ചെയ്‌ത ലയണൽ മെസിയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ അടങ്ങിയപ്പോൾ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം റൊണാൾഡോയുടെ ട്രാൻസ്‌ഫറാണ്. ഉഡിനസിനെതിരായ കഴിഞ്ഞ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലായ താരം യുവന്റസിൽ നിന്നുള്ള ട്രാൻസ്‌ഫറിനു വേണ്ടി അതു സ്വയം ആവശ്യപ്പെട്ടതാണെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും അതു ശക്തിപ്പെട്ടു കൊണ്ടിരിക്കയാണ്.

അതിനിടയിൽ പിഎസ്‌ജി ഉടമയായ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുടെ അർദ്ധ സഹോദരനായ ഖലീഫ ബിൻ ഹമദ് അൽ താനി തന്റെ ട്വിറ്ററിൽ പങ്കു വെച്ച ചിത്രം അഭ്യൂഹങ്ങൾ ഫുട്ബോൾ ആരാധകരിൽ ആവേശം നിറക്കുന്നതായിരുന്നു. മെസി പിഎസ്‌ജിയുമായി കരാറൊപ്പിട്ടുവെന്ന് ആദ്യം സ്ഥിരീകരിച്ച ഇദ്ദേഹം റൊണാൾഡോയും മെസിയും പിഎസ്‌ജി ജേഴ്‌സിയിൽ നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തത്‌ 'ഒരുപക്ഷെ?' എന്നു വിവിധ ഭാഷകളിൽ എഴുതിയ തലക്കെട്ടോടെയാണ്.

റൊണാൾഡോ പിഎസ്‌ജിയിൽ എത്തിയേക്കാമെന്നതിന്റെ വ്യക്തമായ സൂചനകൾ നൽകുന്ന ട്വീറ്റിൽ യുവന്റസ് ചെയർമാനായ ആഗ്നല്ലിയുടെ കുടുംബാംഗം ലാപോ എൽകൻ കമന്റ് ചെയ്‌തിട്ടുമുണ്ട്‌. യുവന്റസ് താരമായ റൊണാൾഡോയെ മറ്റൊരു ടീമിന്റെ ജേഴ്‌സിയിൽ സ്റ്റിക്കർ പോലെ ഒട്ടിച്ചു വെക്കുന്നത് അപമാനകരം ആണെന്നാണ് എൽകൻ പറയുന്നത്. ഏതു ടീമിലേക്ക് പോയാലും റൊണാൾഡോ ഒരു അത്‌ലറ്റ് എന്ന നിലയിൽ ബഹുമാനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

അതേസമയം റൊണാൾഡോ പിഎസ്‌ജിയിൽ എത്താനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയാൻ കഴിയില്ലെന്നത് വസ്‌തുതയാണ്‌. പിഎസ്‌ജിയുമായി കരാർ പുതുക്കാൻ തയ്യാറാവാത്ത എംബാപ്പെ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ആ ട്രാൻസ്‌ഫർ നടക്കുകയാണെങ്കിൽ റൊണാൾഡോക്കു വേണ്ടി ഫ്രഞ്ച് ക്ലബ് ശ്രമം നടത്തിയേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit