മെസി പിഎസ്ജിയിലേക്കു തന്നെ, സ്ഥിരീകരിച്ച് ഖത്തർ അമീറിന്റെ സഹോദരൻ


ബാഴ്സലോണ വിട്ട ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ പരിസമാപ്തിയിലേക്ക് അടുക്കുന്നു. മെസി ചേക്കേറുക ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് തന്നെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. പിഎസ്ജിയുടെ ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയാണ് മെസി ട്രാൻസ്ഫർ സ്ഥിരീകരിച്ചത്.
തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മെസിയുടെ അടുത്ത ക്ലബ് പിഎസ്ജി തന്നെയായിരിക്കുമെന്ന് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വ്യക്തമാക്കിയത്. താരവുമായുള്ള ചർച്ചകൾ ഔദ്യോഗികമായി പൂർത്തിയായി എന്നും മെസി പിഎസ്ജിയിലേക്ക് ചേക്കേറുന്നതിന്റെ പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും അദ്ദേഹം മെസി പിഎസ്ജി ജേഴ്സിയിൽ നിൽക്കുന്ന ചിത്രത്തിനോടൊപ്പം ട്വിറ്ററിൽ കുറിച്ചു. ഇതിനു പുറമെ റാമോസും മെസിയും ഒരുമിച്ചു നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കു വെച്ചിരുന്നു.
Negotiations are officially concluded. And announce later #Messi #Paris_Saint_Germain pic.twitter.com/BxlmCfARII
— خلـــيفة بـــن حمـــد آلــ ثانــــــي (@khm_althani) August 6, 2021
മാഞ്ചസ്റ്റർ സിറ്റി മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇന്നലെ പെപ് ഗ്വാർഡിയോള വ്യക്തമാക്കിയപ്പോൾ തന്നെ അർജന്റീനിയൻ താരത്തെ പിഎസ്ജിക്ക് സ്വന്തമാക്കാനുള്ള സാധ്യതകൾ വർധിച്ചിരുന്നു. നിലവിൽ മെസിയുടെ വേതന വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയുന്ന യൂറോപ്പിലെ രണ്ടു ക്ലബുകൾ അബുദാബിയുടെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റിയും ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജിയും മാത്രമാണ്. ഇതിനിടയിൽ ചെൽസി താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അവസാനം പിഎസ്ജി തന്നെ മെസിയെ സ്വന്തമാക്കുന്നതിൽ വിജയിച്ചുവെന്നാണ് കരുതേണ്ടത്.
La capital de la luz
— خلـــيفة بـــن حمـــد آلــ ثانــــــي (@khm_althani) August 6, 2021
8 Champions League#París #Messi #ramos #PSG pic.twitter.com/FJXyuueQDH
ഖത്തർ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷം യൂറോപ്പിലെ പ്രധാന ശക്തികേന്ദ്രങ്ങളായി വളർന്ന പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് കരുത്തു പകരുന്നതാണ് മെസിയുടെ സാന്നിധ്യം. നെയ്മർ, എംബാപ്പെ, റാമോസ്, മാർക്വിന്യോസ്, വെറാറ്റി, ഡി മരിയ എന്നിങ്ങനെ വമ്പൻ താരനിരക്കൊപ്പം മെസി കൂടിയെത്തുന്നതോടെ ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ക്ലബ് പിഎസ്ജി തന്നെയായിരിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.