ക്രിസ്റ്റ്യന്‍ എറിക്സണ് പിറകെ ടോട്ടനം ഉള്‍പ്പെടെയുള്ള പ്രീമിയര്‍ ലീഗ് ക്ലബുകള്‍

ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണെ സ്വന്തമാക്കുന്നതിന് വേണ്ടി പ്രീമിയര്‍ ലീഗിലെ വിവധ ക്ലബുകള്‍ രംഗത്തുള്ളതായി 90min മനസിലാക്കുന്നു. താരത്തിന്റെ മുന്‍ ക്ലബായ ടോട്ടൻഹാം ഹോട്സ്പർ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ എറിക്സണിന് വേണ്ടി രംഗത്തെത്തുമ്പോള്‍, താരത്തെ ക്ലബിൽ തുടരാൻ ബോധ്യപ്പെടുത്തുക എന്ന ദൗത്യമാണ് ബ്രെന്റ്ഫോർഡിന് മുന്നിലുള്ളത്.
യൂറോ കപ്പിനെടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇംപ്ലാന്റബിള്‍ കാര്‍ഡിയോവര്‍ട്ടര്‍ ഉപകരണം ഘടിപ്പിച്ചാണ് എറിക്സണ് ഇപ്പോള്‍ കളിക്കുന്നത്. ഇറ്റലിയില്‍ ഈ ഉപകരണം ഘടിപ്പിച്ച് കളിക്കുന്നതിന് നിയമ തടസമുള്ളതിനാല്‍ ഇന്റര്‍മിലാനും എറിക്സണും തമ്മിലുള്ള കരാര്‍ പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടായിരുന്നു ആറു മാസത്തെ കരാറില്‍ താരം ബ്രന്റ്ഫോര്ഡിലെത്തിയത്.
എറിക്സണ് എത്തിയതിന് ശേഷം അദ്ദേഹം ആദ്യ ഇലവനില്‍ ഇറങ്ങിയ നാല് മത്സരത്തിലും ബ്രന്റ്ഫോര്‍ഡിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എറിക്സണിന്റെ വരവിന് മുന്‍പ് പ്രീമിയർ ലീഗിൽ ആറു മത്സരങ്ങളില്‍ മാത്രമേ ബ്രന്റ്ഫോര്‍ഡ് ഈ സീസണിൽ വിജയിച്ചിരുന്നുള്ളു. സീസണിന്റെ അവസാനം വരെ എറിക്സണിന്റെ ഭാവി തീരുമാനിക്കപ്പെടില്ലെന്നും എന്നാല്‍ ക്ലബ്ബുമായി ഒരു പുതിയ കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും ബ്രന്‍ഡ്ഫോര്‍ഡ് പരിശീലകൻ തോമസ് ഫ്രാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ടോട്ടന്‍ഹാമിന് പുറമെ ആസ്റ്റണ്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, എവര്ട്ടണ്, ന്യൂകാസില്‍, വെസ്റ്റ് ഹാം എന്നീ ക്ലബുകളും സമ്മറില്‍ എറിക്സണ് കരാര്‍ വാഗ്ദാനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.