മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ബ്രെണ്ടൻ റോഡ്ജേഴ്സിന്റെ നിലപാട്

മോശം ഫോമിനെ തുടർന്ന് പരിശീലകസ്ഥാനത്ത് നിന്ന് ഒലെ ഗുണ്ണാർ സോൾഷ്യാറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയാലും, ആ സ്ഥാനത്തേക്ക് ഈ സീസണിനിടെ വരാൻ ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്ജേഴ്സിന് താത്പര്യമില്ലെന്ന് റിപോർട്ടുകൾ. പ്രീമിയര്‍ ലീഗിലെ തുടര്‍ തോല്‍വികൾ കാരണം സോള്‍ഷ്യാറുടെ യുണൈറ്റഡിലെ ഭാവി അവതാളത്തിലായിരിക്കുകയാണിപ്പോള്‍. സോൾഷ്യറെ യുണൈറ്റഡ് പുറത്താക്കിയാൽ, പകരക്കാരനായി വരാൻ ഏറെ സാധ്യത കല്പിക്കപ്പെടുന്ന പരിശീലകനാണ് റോഡ്ജേഴ്സ്.
ഒക്ടോബർ 24ന് നടന്ന ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് മത്സരത്തിൽ 5-0ത്തിന്റെ നാണംകെട്ട തോൽവി ചുവന്ന ചെകുത്താന്മാർ ഏറ്റുവാങ്ങിയതോടെ തന്നെ സോൾഷ്യാറിനെ പുറത്താക്കണമെന്ന മുറവിളികൾ ഉയർന്നിരുന്നു. എന്നാൽ, അതിന് ശേഷം നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെതിരെ 3-0ത്തിന്റെ വിജയവും, ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്കെതിരെ സമനിലയും നേടിയതോടെ സോൾഷ്യാറിന് മേലുള്ള സമ്മർദ്ദം കുറഞ്ഞു.
അടുത്ത മത്സരത്തിൽ, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോൽവി രുചിച്ചതോടെയാണ് സോൾഷെയറുടെ ഭാവി വീണ്ടും അവതാളത്തിലായത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബോർഡിന്റെ പിന്തുണ സോൾഷ്യാറിന് ഇപ്പോഴുമുള്ളതിനാൽ, യുണൈറ്റഡിന്റെ അടുത്ത മത്സരത്തിലും ഡഗ്ഔട്ടിൽ നോർവീജിയൻ പരിശീലകൻ ഉണ്ടാകും.
എന്നാൽ, മോശം ഫോമിൽ നിന്ന് കരകയറാൻ യുണൈറ്റഡിന് വരുന്ന മത്സരങ്ങളിലും കഴിഞ്ഞില്ലെങ്കിൽ, സോൾഷ്യാറുടെ സ്ഥാനം തെറിക്കാനുള്ള സാധ്യതയേറെയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, പരിശീലകസ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന പേരാണ് റോഡ്ജേഴ്സിന്റേത്. എന്നാൽ, സീസൺ പകുതി വെച്ച് ലെസ്റ്റർ പരിശീലകസ്ഥാനം ഒഴിഞ്ഞ്, യുണൈറ്റഡിലേക്ക് ചേക്കേറാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് യൂറോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്.
അതേ സമയം, റോഡ്ജേഴ്സിന് പുറമെ അയാക്സ് പരിശീലകൻ എറിക്ക് ടെൻ ഹാഗ്, റഷ്യൻ ക്ലബായ ലോക്കോമോട്ടീവ് മോസ്കോയുടെ ഹെഡ് ഓഫ് സ്പോർട്സ് ആൻഡ് ഡെവലപ്മെന്റ് റാൽഫ് റാഗ്നിക്ക് എന്നിവരുടെ പേരും സോൾഷ്യാറെ പുറത്താക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. നേരത്തെ, അന്റോണിയോ കോണ്ടേക്കും സാധ്യത കൽപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹം നവംബർ തുടക്കത്തിൽ ടോട്ടൻഹാം ഹോട്സ്പർ പരിശീലകനായി ചുമതലയേറ്റു.