Football in Malayalam

90Min Exclusive: മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സമ്മതം മൂളാനൊരുങ്ങി ബ്രെണ്ടൻ റോജേഴ്‌സ്

Sreejith N
Leicester City v Spartak Moskva: Group C - UEFA Europa League
Leicester City v Spartak Moskva: Group C - UEFA Europa League / James Williamson - AMA/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറിനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനായി ക്ലബ് നേതൃത്വം തന്നെ സമീപിച്ചാൽ സമ്മതം മൂളാനൊരുങ്ങി പ്രീമിയർ ലീഗ് ക്ലബായ ലൈസ്റ്റർ സിറ്റിയുടെ മാനേജർ ബ്രെണ്ടൻ റോജേഴ്‌സ്. റെഡ് ഡെവിൾസിന്റെ പരിശീലകനായി തുടരുന്നതിൽ സോൾഷെയറിനു കൂടുതൽ സമ്മർദ്ദം നൽകുന്നതാണ് ഏറ്റവും പുതിയ സൂചനകൾ.

ഈ സീസൺ അവസാനിക്കുന്നതു വരെ സോൾഷെയറിനെ ക്ലബിൽ നിലനിർത്താൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം കരുതിയിരുന്നത്. എന്നാൽ സമീപകാലത്തുണ്ടായ മത്സരഫലങ്ങൾ അതിൽ നിന്നും മാറിചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സോൾഷെയറിനെ ഒഴിവാക്കുന്നതിനെ പറ്റിയും അവർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.

ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെ സ്വന്തം മൈതാനത്തു വഴങ്ങിയ തോൽവികൾക്കു ശേഷം പുതിയൊരു പദ്ധതി നടപ്പിലാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചു കൊണ്ടിരിക്കയാണ്. മാഞ്ചസ്റ്റർ പരിശീലകസ്ഥാനത്തു നിന്നും സോൾഷെയർ നീക്കം ചെയ്യപ്പെട്ടാൽ പകരക്കാരനാര് എന്നതും ആ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്.

"ആഴ്‌ചകളായി പിന്നണിയിൽ പല കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നു, ഇതുപോലെ ഇനിയും തുടരാൻ കഴിയില്ലെന്ന് ക്ലബിനും ധാരണയുണ്ട്. ഒലെ ഈ സീസൺ അവസാനിക്കുന്നതു വരെ തുടരണം എന്നാണെങ്കിലും അതിനുള്ള സാധ്യതകൾ കുറഞ്ഞു കുറഞ്ഞു വരികയാണ്," ക്ലബുമായി ബന്ധപ്പെട്ടു നിൽക്കുന്ന വ്യക്തി 90Minനോടു പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നിരവധി പരിശീലകരുടെ പേരുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടത്. റോജേഴ്‌സിനു പുറമെ മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ, നിലവിൽ പിഎസ്‌ജി പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ എന്നിവരുടെ പേരുകളായിരുന്നു പ്രധാനമായും ഉയർന്നിരുന്നത്.

നേരത്തെ ലിവർപൂൾ പരിശീലകനായിരുന്ന ബ്രെണ്ടൻ റോജേഴ്‌സ് അക്കാരണം കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കിലും നിലവിലെ സാഹചര്യം അങ്ങനെയല്ലെന്ന് ചർച്ചകൾക്ക് ഇടനില വഹിക്കുന്നവർ വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ വന്നാൽ അത് റോജേഴ്‌സ് പരിഗണിക്കും എന്നു തന്നെയാണ് സോഴ്‌സുകൾ 90Minനോട് വ്യക്തമാക്കുന്നത്. അതേസമയം, ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും പ്രീമിയർ ലീഗിലെ മുൻനിര സ്ഥാനങ്ങൾക്കും വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന ലൈസ്റ്റർ സിറ്റിക്ക് റോജേഴ്‌സ് ക്ലബ് വിടുന്നതിൽ യാതൊരു താൽപര്യവുമില്ല.


facebooktwitterreddit