Football in Malayalam

90Min Exclusive: കൂമാൻ പുറത്തായാൽ പകരം പരിശീലകസ്ഥാനത്തേക്ക് കൊണ്ടു വരാൻ ബാഴ്സ പരിഗണിക്കുന്നവരിൽ ബ്രണ്ടൻ റോജേഴ്സും

By Gokul Manthara
Leicester City v Watford FC - Premier League
Leicester City v Watford FC - Premier League / Michael Regan/Getty Images
facebooktwitterreddit

അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ വലിയ മാറ്റങ്ങളാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽ സംഭവിക്കാൻ പോകുന്നത്. അടുത്ത മാസമാദ്യം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ക്ലബ്ബിന് പുതിയ പ്രസിഡന്റുണ്ടാവും. സൂപ്പർ താരം ലയണൽ മെസിയാകട്ടെ വരും സമ്മറിൽ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ വളരെ ഉയർന്ന് നിൽക്കുന്നു. ഇതി‌നൊപ്പം തന്നെ പരിശീലകൻ റൊണാൾഡ് കൂമാനും കൂടുതൽ കാലം ക്ലബ്ബിൽ പരിശീലകനായുണ്ടാകുന്ന കാര്യവും സംശയമാണ്‌.

2020-21 സീസണ് മുന്നോടിയായി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാന്റെ ക്ലബ്ബിലെ പരിശീലക റെക്കോർഡ് അത്ര മികച്ചതല്ല. ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ കറ്റാലൻ ക്ലബ്ബ്. അത് കൊണ്ടു തന്നെ അടുത്ത സീസണിൽ അദ്ദേഹം ബാഴ്സയുടെ പരിശീലക സ്ഥാനത്ത് ഉണ്ടാകുന്ന കാര്യം സംശയമാണ്‌.

കൂമാന് ബാഴ്‌സ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാൽ, പകരം ആ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ക്ലബ്ബ് പരിഗണിക്കുന്നവരിൽ ഒരാൾ ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രണ്ടൻ റോജേഴ്സാണെന്നാണ് 90MIn മനസിലാക്കുന്നത്.

കൂമാന് പകരക്കാരനെ കൊണ്ടു വരാൻ ബാഴ്സലോണ നിർബന്ധിതരായാൽ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ചില പരിശീലകരെ ക്ലബ്ബ് ഒഫീഷ്യലുകൾ കണ്ടെത്തിക്കഴിഞ്ഞതായും 90Min മനസിലാക്കുന്നു. അതിൽ ഉൾപ്പെടുന്നതാണ് റോജേഴ്സാണെന്ന് വിശ്വസനീയമായ വൃത്തങ്ങളിൽ നിന്നാണ് 90Minന് ലഭിക്കുന്ന വിവരങ്ങൾ.

2019ൽ ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റ റോജേഴ്സ് നിലവിൽ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ്. 2012 മുതൽ 2015 വരെ ലിവർപൂളിന്റേയും പരിശീലകനായിരുന്നു നാൽപ്പത്തിയെട്ടുകാരനായ ഈ ഐറിഷുകാരൻ.

അതേ സമയം കഴിഞ്ഞ വർഷം പെപ് ഗ്വാർഡിയോളക്ക് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയും റോജേഴ്സിനെ അവരുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു‌. എന്നാൽ പിന്നീട് ഗ്വാർഡിയോള ഇംഗ്ലീഷ് ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെച്ചതിനാൽ റോജേഴ്സ് ലെസ്റ്ററിനൊപ്പം തുടർന്നു. 2004ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ അക്കാദമി പരിശീലകനായിരുന്ന റോജേഴ്സ്, വാറ്റ്ഫഡ്, റീഡിംഗ്, സ്വാൻസിയ സിറ്റി, സെൽറ്റിക്ക് എന്നീ ക്ലബ്ബുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.

facebooktwitterreddit