Football in Malayalam

ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ, അർജന്റീനയെ എതിരാളികളായി വേണമെന്ന് നെയ്‌മർ

Sreejith N
Brazil v Peru - Copa America Brazil 2021: Semifinal
Brazil v Peru - Copa America Brazil 2021: Semifinal / Buda Mendes/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ഫൈനലിൽ ഇടം പിടിക്കുന്ന ആദ്യത്തെ ടീമായി ബ്രസീൽ. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ കീഴടക്കിയതോടെയാണ് ബ്രസീൽ തുടർച്ചയായ രണ്ടാം തവണയും ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടിയത്. മുപ്പത്തിയഞ്ചാം മിനുട്ടിൽ നെയ്‌മറുടെ അസിസ്റ്റിൽ ഫ്രഞ്ച് ക്ലബായ ലിയോൺ താരം ലൂകാസ് പക്വറ്റ ബ്രസീലിന്റെ വിജയഗോൾ കുറിച്ചു.

മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റിയോ ഡി ജെനീറോയിലെ നിൽട്ടൻ സാന്റോസ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയെയാണ് തനിക്ക് എതിരാളികളായി വേണ്ടതെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ വ്യക്തമാക്കി. ബാഴ്‌സലോണ സഹതാരമായിരുന്ന ലയണൽ മെസി, പിഎസ്‌ജി താരങ്ങളായ ഡി മരിയ, പരഡെസ് എന്നിങ്ങനെ തന്റെ സുഹൃത്തുക്കൾ അർജന്റീനക്കൊപ്പമുണ്ടെന്നും നെയ്‌മർ പറഞ്ഞു.

ഫൈനലിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച നെയ്‌മർ മത്സരം നിയന്ത്രിച്ച ചിലിയൻ റഫറിക്കെതിരെ രൂക്ഷവിമർശനവും നടത്തി. ധാർഷ്ട്യമുള്ള റഫറിയായ റോബർട്ടോ ടോബാർ കളിക്കാരോടെല്ലാം ബഹുമാനമില്ലാതെ, അസാധാരണ രീതിയിലാണ് പെരുമാറുന്നതെന്നു പറഞ്ഞ നെയ്‌മർ കോപ്പ അമേരിക്ക സെമി ഫൈനൽ പോലൊരു മത്സരത്തിൽ റഫറിയാകാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും വ്യക്തമാക്കി.

ടൂർണമെന്റ് വിജയിക്കാൻ ബ്രസീലിനാണു കൂടുതൽ സാധ്യതയെന്നാണ് നെയ്‌മർ കരുതുന്നത്. കഴിഞ്ഞ തവണ ബ്രസീൽ കപ്പുയർത്തിയപ്പോൾ പരിക്ക് മൂലം ടീമിന്റെ ഭാഗമാകാൻ നെയ്‌മർക്കു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇത്തവണ കിരീടം തന്നെയാണ് പിഎസ്‌ജി താരം ലക്ഷ്യമിടുന്നത്. അർജന്റീന അല്ലെങ്കിൽ കൊളംബിയയോ ആയിരിക്കും കലാശപ്പോരാട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ.

facebooktwitterreddit