അർജന്റീന താരങ്ങളുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം, അന്വേഷണമാരംഭിച്ച് ബ്രസീലിയൻ ഫെഡറൽ പോലീസ്


അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരം നിർത്തിവെക്കാൻ കാരണമാകുന്ന തരത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ അർജന്റീന താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രസീലിയൻ ഫെഡറൽ പോലീസ്. എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുവേണ്ടിയ, ലൊ സെൽസോ, ക്രിസ്റ്റ്യൻ റൊമേരോ എന്നീ താരങ്ങൾക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.
പ്രോട്ടോകോൾ ലംഘനം നടത്തിയ നാല് കളിക്കാരും ബ്രസീലിലേക്ക് വരാൻ തെറ്റായ വിവരങ്ങൾ നൽകിയെന്നും ഇംഗ്ലണ്ടിൽ നിന്നും ബ്രസീലിലേക്ക് വരുമ്പോഴുള്ള നിർബന്ധിത ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചുവെന്നുമാണ് ബ്രസീലിയൻ അധികാരികൾ പറയുന്നത്. ഇതേതുടർന്ന് മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ മൈതാനത്തെത്തിയ ആരോഗ്യവകുപ്പും പോലീസും കളി നിർത്തി വെപ്പിച്ചിരുന്നു.
Anyone found guilty of misrepresentation in Brazil could face up to five years in prison and a fine ?⚖️
— Goal News (@GoalNews) September 6, 2021
ബ്രസീലിലെ നിയമങ്ങൾ പ്രകാരം ഇംഗ്ലണ്ടിൽ നിന്നും വരുന്നവർ പതിനാലു ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നുണ്ട്. അതേസമയം അർജന്റീനയുടെ പ്രീമിയർ ലീഗ് താരങ്ങൾ അവർ വെനസ്വലക്കെതിരായ കഴിഞ്ഞ മത്സരം നടന്ന കറകാസിലാണ് ഉണ്ടായിരുന്നതെന്നും, ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന കാര്യം ഇമിഗ്രേഷനിൽ മറച്ചു വെച്ചുവെന്നുമാണ് ബ്രസീലിയൻ ഒഫിഷ്യൽസ് പറയുന്നത്.
ഈ നാലു താരങ്ങൾക്ക് ബ്രസീലിയൻ ഗവണ്മെന്റ് നേരത്തെ തന്നെ ക്വാറന്റൈൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും പിന്നീട് അവർക്ക് യാത്ര ചെയ്യാനും മത്സരത്തിൽ കളിക്കാനും അനുമതി ലഭിക്കുകയായിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഹെൽത്ത് ഒഫിഷ്യൽസ് മൈതാനത്തേക്കു നാടകീയമായ കടന്നു വന്നു മത്സരം നിർത്തി വെക്കുന്നതിനെ തടയാൻ കഴിഞ്ഞില്ല.
മത്സരം നിർത്തിവെച്ചു മണിക്കൂറുകൾക്കകം തന്നെ താരങ്ങൾ ബ്രസീൽ വിട്ടെങ്കിലും അവർ ബ്രസീലിയൻ പോലീസിനു മൊഴി നൽകേണ്ടി വരുമെന്നും കുറ്റക്കാരാണെന്നു തെളിയിക്കപ്പെട്ടാൽ അഞ്ചു വർഷത്തെ തടവും പിഴശിക്ഷയും നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.