Football in Malayalam

ബ്രസീൽ ദേശീയ ടീമിൽ നിന്നും ടിറ്റെയെ ഒഴിവാക്കുന്നു, കോപ്പ അമേരിക്കക്കു മുൻപ് പുതിയ പരിശീലകനെത്തും

Sreejith N
Brazil v Korea Republic - International Friendly
Brazil v Korea Republic - International Friendly / Eurasia Sport Images/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതിനെതിരെ വിമർശനം ഉന്നയിച്ച്, ടൂർണമെന്റിൽ നിന്നും പിൻവാങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ബ്രസീലിയൻ താരങ്ങൾക്കു പിന്തുണ നൽകിയതിന്റെ പേരിൽ ടിറ്റെ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെടാൻ സാധ്യത. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ പ്രസിഡന്റായ റോജറിയോ കബാക്ലോയിൽ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ബ്രസീലിയൻ ഫെഡറൽ ഗവണ്മെന്റിനു ലഭിച്ചുവെന്ന് ഗ്ലോബ്‌സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു.

നാഷണൽ ടീമിനു വേണ്ടി നാൽപത്തിയൊന്നു മത്സരങ്ങൾ കളിച്ചിട്ടുള്ള റെനാറ്റോ ഗൗച്ചോയെ പുതിയ പരിശീലകനായി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞാൽ കോപ്പ അമേരിക്കക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക ഗൗച്ചോയായിരിക്കും. ഇതിനു പുറമെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള ടീമിനെ കെട്ടിപ്പടുക്കാനുള്ള ചുമതലയും അദ്ദേഹത്തിനു തന്നെയാണ്.

കോപ്പ അമേരിക്ക ബ്രസീലിൽ വെച്ചു നടത്തുന്നതിനെതിരെ താരങ്ങൾ തിരിഞ്ഞപ്പോൾ അവർക്ക് അനുകൂല നിലപാട് എടുത്ത ടിറ്റെ പ്രതിപക്ഷത്തിന് ഗവൺമെന്റിനെ വിമർശിക്കാനുള്ള മറ്റൊരു അവസരം കൂടി സൃഷ്ടിച്ചുവെന്നതാണ് അദ്ദേഹത്തെ പുറത്താക്കലിലേക്ക് വഴിവെച്ച പ്രധാന കാരണം. അതേസമയം ടിറ്റെക്കു പകരം നിയമിക്കാൻ ഉദ്ദേശിച്ചിട്ടുള്ള റെനാറ്റോ ഗൗച്ചോ നിലവിലെ ബ്രസീലിയൻ പ്രസിഡന്റായ ബോൾസൊനാറോയെ പിന്തുണക്കുന്ന വ്യക്തിയാണ്.

അർജന്റീനയിൽ നിന്നും ഒഴിവാക്കപ്പെട്ട ടൂർണമെന്റ് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറ്റെടുത്തു നടത്താൻ ബ്രസീൽ ഗവണ്മെന്റ് തയ്യാറായി അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് താരങ്ങൾ അതിനെതിരെ തിരിയുന്നത്. ഗവണ്മെന്റിന്റെ ഉദ്യമത്തിനു വില നൽകാതെ യൂറോപ്പിൽ തിരക്കു പിടിച്ച സീസൺ പൂർത്തിയാക്കി വന്ന താരങ്ങൾക്ക് അവധി ദിവസങ്ങൾ ലഭിക്കാനാണ് ഈ പ്രതിഷേധമെന്ന നിലയിലാണ് ഗവണ്മെന്റ് ഇതിനെ നോക്കിക്കാണുന്നതെന്നും ഗ്ലോബ്സ്‌പോർട് റിപ്പോർട്ടു ചെയ്‌തു.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു ശേഷമായിരിക്കും ടിറ്റെയെ ഒഴിവാക്കുന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ടാവുക. അതേസമയം ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിനെയും താൽക്കാലികമായി തൽസ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ മുപ്പതു ദിവസത്തെ സമയവും അദ്ദേഹത്തിനു നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit