ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് നെയ്‌മറുണ്ടാകില്ല, താരം തിരിച്ചെത്തുന്ന തീയതി വെളിപ്പെടുത്തി ബ്രസീലിയൻ മാധ്യമം

Brazil v Colombia - FIFA World Cup  Qatar 2022 Qualifier
Brazil v Colombia - FIFA World Cup Qatar 2022 Qualifier / Alexandre Schneider/GettyImages
facebooktwitterreddit

ആംഗിൾ ഇഞ്ചുറി മൂലം പുറത്തിരിക്കുന്ന സൂപ്പർതാരം നെയ്‌മർക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിലെ സ്ഥാനം നഷ്‌ടമാകും ജനുവരി 28നു ഇക്വഡോറിനെതിരെയും ഫെബ്രുവരി രണ്ടിനു പാരഗ്വായ്‌ക്കെതിരെയും നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് താരത്തിനു നഷ്‌ടമാവുകയെന്ന് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ടു ചെയ്യുന്നു.

ഖത്തർ ലോകകപ്പിന് ലാറ്റിനമേരിക്കയിൽ നിന്നും ആദ്യം യോഗ്യത നേടിയ ടീമായ ബ്രസീലിനെ സംബന്ധിച്ച് ഇനിയുള്ള യോഗ്യത മത്സരങ്ങൾ തീർത്തും അപ്രസക്തമാണ്. അതുകൊണ്ടു തന്നെ നെയ്‌മറുടെ അഭാവം അവരെ ബാധിക്കില്ല. അതിനു പുറമെ വിനീഷ്യസ് അടക്കമുള്ള യുവതാരങ്ങൾക്ക് ബ്രസീലിയൻ ടീമിനൊപ്പം കൂടുതൽ അവസരം ലഭിക്കാനും ഇതുപകരിക്കും.

അതേസമയം പിഎസ്‌ജിയെ സംബന്ധിച്ച് നെയ്‌മർ പരിക്കിൽ നിന്നും മുക്തനായി വേഗത്തിൽ തിരിച്ചു വരേണ്ടത് ആവശ്യം തന്നെയാണ്. ഫെബ്രുവരിയിൽ റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ഇറങ്ങുമെങ്കിൽ അതവർക്ക് കൂടുതൽ കരുത്തു പകരും.

ഗ്ലോബോയുടെ തന്നെ റിപ്പോർട്ടുകൾ നെയ്‌മർ റയൽ മാഡ്രിഡിനെ നേരിടാനുള്ള പിഎസ്‌ജി ടീമിൽ ഉണ്ടാകുമെന്നു വ്യക്തമാക്കുന്നു. ഫെബ്രുവരി 6നു ലില്ലെക്കെതിരെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു മുൻപേ തന്നെ താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് അവർ പറയുന്നത്. അതുണ്ടായില്ലെങ്കിൽ 13നു റെന്നെയ്‌സിനെ താരം കളത്തിലിറങ്ങും.

ഫെബ്രുവരി 15നു രാത്രി 1.30നാണു പിഎസ്‌ജിയും റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഏറ്റു മുട്ടുന്നത്. റയൽ മാഡ്രിഡ് ഈ സീസണിൽ മികച്ച ഫോമിൽ മുന്നോട്ടു കുതിക്കുമ്പോൾ ആധികാരികമായൊരു പ്രകടനം ഇതുവരെയും കാഴ്‌ച വെക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.