Football in Malayalam

ഇക്വഡോറിനെതിരെയും വിജയം തുടർന്ന് ബ്രസീൽ, ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്

Sreejith N
Brazil v Ecuador - FIFA World Cup 2022 Qatar Qualifier
Brazil v Ecuador - FIFA World Cup 2022 Qatar Qualifier / Buda Mendes/Getty Images
facebooktwitterreddit

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയക്കുതിപ്പു തുടർന്ന് ബ്രസീൽ. ഇന്നു രാവിലെ നടന്ന മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തുടർച്ചയായ അഞ്ചാമത്തെ വിജയം സ്വന്തമാക്കിയത്. ഇതോടെ പതിനഞ്ചു പോയിന്റുമായി ഗ്രൂപ്പിൽ ഒറ്റക്ക് മുന്നിലാണ് മഞ്ഞപ്പട. രണ്ടാം പകുതിയുടെ ഇരുപതാം മിനുട്ടിൽ റിച്ചാർലിസണും അവസാനം ഇഞ്ചുറി ടൈമിൽ നെയ്‌മറുമാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്.

മത്സരത്തിൽ ബ്രസീലിനു തന്നെയാണ് മുൻതൂക്കമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാല് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നും വിജയിച്ച ഇക്വഡോറിന്റെ വലകുലുക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടി. എന്നാൽ എവർട്ടൺ താരമായ റിച്ചാർലിസണിന്റെ അറുപത്തിയഞ്ചാം മിനുട്ടിലെ ആങ്കിൾഡ് നിയർ പോസ്റ്റ് ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു. അതിനു പുറമെ അവസാന നിമിഷങ്ങളിൽ ഗബ്രിയേൽ ജീസസിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രസീൽ വിജയമുറപ്പിച്ചത്.

റഫറി ആദ്യം പെനാൽറ്റി അനുവദിച്ചില്ലെങ്കിലും പിന്നീട് വീഡിയോ റഫറിയുടെ സഹായത്തോടെയാണ് സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. നെയ്‌മർ എടുത്ത പെനാൽറ്റി ഇക്വഡോർ ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും കിക്കെടുക്കുന്നതിനു മുൻപ് ഗോളി മുന്നോട്ടു നീങ്ങിയതിനെ തുടർന്ന് റഫറി വീണ്ടും പെനാൽറ്റി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടാമത്തെ തവണ നെയ്മർക്ക് ലക്ഷ്യം പിഴച്ചില്ല.

മുൻ ഇന്റർ മിലാൻ താരമായ ഗബ്രിയേൽ ബാർബോസ അഞ്ചു വർഷങ്ങൾക്കു ശേഷം ബ്രസീലിയൻ ടീമിനു വേണ്ടി കളിക്കാനിറങ്ങുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. ഫ്ലമംഗോക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതു കൊണ്ട് ടീമിലിടം പിടിച്ച താരം ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡ് വിധിക്കപ്പെടുകയായിരുന്നു.

ബ്രസീൽ ഇക്വഡോറിനെതിരെ വിജയം നേടി ഒന്നാം സ്ഥാനത്തെത്തിയത് അർജന്റീനയുടെ രണ്ടാം സ്ഥാനവും നിലനിർത്തി. ഇക്വഡോർ ബ്രസീലിനെ തോൽപ്പിച്ചിരുന്നെങ്കിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴുമായിരുന്നു. ആദ്യ നാല് സ്ഥാനക്കാർക്കാണ് ലോകകപ്പ് യോഗ്യത നേരിട്ട് ലഭിക്കുക. അഞ്ചാം സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കേണ്ടി വരും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit