നാല് അർജന്റീന താരങ്ങൾ കളിക്കരുതെന്ന് ബ്രസീൽ ആരോഗ്യവകുപ്പ്, അർജന്റീന-ബ്രസീൽ മത്സരം ഒഴിവാക്കി

Sreejith N
Brazil v Argentina - FIFA World Cup 2022 Qatar Qualifier
Brazil v Argentina - FIFA World Cup 2022 Qatar Qualifier / Alexandre Schneider/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ഫൈനലിനു ശേഷം നടക്കുന്ന ആദ്യത്തെ ബ്രസീൽ-അർജന്റീന പോരാട്ടം കാണാനിരുന്ന ആരാധകരെ നിരാശരാക്കി മത്സരം ഒഴിവാക്കി. കിക്കോഫെടുത്ത് ഏതാണ്ട് ഏഴു മിനുട്ട് കളി നടന്നുവെങ്കിലും അതിനു ശേഷം മൈതാനത്തെത്തിയ ബ്രസീലിലെ ആരോഗ്യവകുപ്പ് അധികൃതർ, പോലീസ് എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് മത്സരം നിർത്തി വെക്കേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ടീമിലുള്ള നാലു താരങ്ങളെ കളിപ്പിക്കാൻ അനുവദിക്കില്ലെന്നും അവർ ഉടനെ രാജ്യം വിടണമെന്നുമാണ് ബ്രസീലിലെ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഇംഗ്ലണ്ടിൽ നിന്നുമുള്ള താരങ്ങൾ ബ്രസീലിലേക്ക് വരുമ്പോൾ പതിനാലു ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്ന നിയമം ഇവർ പാലിച്ചില്ലെന്നാണ് ബ്രസീലിയൻ ഹെൽത്ത് ഒഫിഷ്യൽസ് പറയുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലബുകളായ ആസ്റ്റൺ വില്ല, ടോട്ടനം ഹോസ്‌പർ എന്നിവയിൽ കളിക്കുന്ന എമിലിയാനോ ബുവേണ്ടിയ, എമിലിയാനോ മാർട്ടിനസ്, ജിയോവാനി ലൊ സെൽസോ, ക്രിസ്റ്റ്യൻ റോമെറോ എന്നിവരെയാണ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. ഇതിൽ ബുവേണ്ടിയ ഒഴികെയുള്ളവർ ബ്രസീലിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിലുള്ള കളിക്കാരാണ്.

ഇംഗ്ലണ്ടിൽ നിന്നും ബ്രസീലിലേക്ക് ആളുകൾ എത്തുമ്പോൾ പതിനാലു ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്ന നിയമമുണ്ട്. എന്നാൽ ഈ താരങ്ങൾ അതിൽ കൃത്രിമം കാണിച്ച് രാജ്യത്തേക്ക് പ്രവേശിച്ച് മത്സരത്തിൽ പങ്കെടുത്തുവെന്നു പറഞ്ഞാണ് ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതർ ഇടപെട്ടത്.

ഒഴിവാക്കിയ മത്സരം ഇനി നടക്കാൻ സാധ്യത ഇല്ലാത്തതിനാൽ അതിന്റെ പോയിന്റുകൾ എങ്ങിനെ പങ്കു വെക്കപ്പെടുമെന്ന് ആരാധകർ ഉറ്റു നോക്കുകയാണ്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവാദം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.

facebooktwitterreddit