അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം ബ്രസീലിൽ നടക്കും, മത്സരം കളിക്കാൻ അർജന്റീനക്ക് താൽപര്യമില്ല
By Sreejith N

ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച് മാറ്റി വെക്കപ്പെട്ട ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം സെപ്‌തംബർ ഇരുപത്തിരണ്ടിനു സാവോ പോളോയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യപ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ ബ്രസീലിൽ വെച്ചു നടക്കേണ്ടിയിരുന്ന ലോകകപ്പ് യോഗ്യത മത്സരം മാറ്റി വെച്ചതാണ് സെപ്‌തംബറിൽ നടക്കാൻ പോകുന്നത്.
സെപ്‌തംബറിൽ ബ്രസീലിൽ വെച്ച് മത്സരം ആരംഭിച്ചെങ്കിലും ഇംഗ്ലണ്ടിൽ കളിക്കുന്ന അർജന്റീന താരങ്ങൾ ബ്രസീലിലെ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ ലംഘിച്ചുവെന്നു പറഞ്ഞ് ആരോഗ്യഉദ്യോഗസ്ഥർ മൈതാനത്തെത്തി മത്സരം നിർത്തി വെപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നാല് അർജന്റീന താരങ്ങൾക്ക് ഫിഫയുടെ ശിക്ഷയും ലഭിച്ചിരുന്നു.
Argentina vs. Brazil in September to be played in Sao Paulo. https://t.co/Vn6IHno3Wj
— Roy Nemer (@RoyNemer) June 21, 2022
ഒഴിവാക്കപ്പെട്ട മത്സരം വീണ്ടും നടത്തുന്നതിനെ കുറിച്ചുള്ള നിരവധി ചർച്ചകൾക്കു ശേഷമാണ് മത്സരം സെപ്‌തംബർ 22നു സംഘടിപ്പിക്കാൻ ഫിഫ തീരുമാനിച്ചത്. ബ്രസീലിലെ തന്നെ സാവോ പോളോയിൽ വെച്ചാണ് മത്സരം. ഈ മത്സരത്തിനു ശേഷം ബ്രസീലും അർജന്റീനയും മറ്റേതെങ്കിലും ടീമുകളുമായും ഓരോ മത്സരം ലോകകപ്പിനു മുൻപ് കളിക്കുമെന്നും മാർക്കോസ് ഡുറാൻ പറയുന്നു.
അതേസമയം ഈ മത്സരം കളിക്കാൻ അർജന്റീനക്ക് യാതൊരു താല്പര്യവുമില്ലെന്നും അദ്ദേഹം റിപ്പോർട്ടു ചെയ്യുന്നു. രണ്ടു ടീമുകളും ലോകകപ്പിന് യോഗ്യത നേടിയ സാഹചര്യത്തിൽ ഇത്തരമൊരു മത്സരം നടത്തുന്നത് അനാവശ്യമാണെന്നു കാണിച്ച് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ മത്സരം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനായി അവർ അപ്പീലും നൽകി.
നേരത്തെ ബ്രസീലും അർജന്റീനയും തമ്മിൽ ഓസ്‌ട്രേലിയയിൽ വെച്ച് നടക്കാനിരുന്ന സൗഹൃദ മത്സരത്തിൽ നിന്നും അർജന്റീന പിൻമാറിയിരുന്നു. അതേസമയം ലോകകപ്പ് യോഗ്യത മത്സരം യൂറോപ്പിൽ വെച്ച് നടത്താനാണ് ബ്രസീൽ പരിശീലകൻ ടിറ്റെക്ക് ആഗ്രഹമുണ്ടായിരുന്നതെങ്കിലും ബ്രസീലിൽ വെച്ച് നടത്തിയാൽ മതിയെന്ന് ഫിഫ നിർദ്ദേശിക്കുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.