Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബ്രസീൽ, നിരവധി സൂപ്പർതാരങ്ങൾക്ക് കോപ്പക്കു മുന്നേ മരണമണി

Sreejith N
FBL-COPA AMERICA-2019-BRA-PER
FBL-COPA AMERICA-2019-BRA-PER / LUIS ACOSTA/Getty Images
facebooktwitterreddit

ഇക്വഡോർ, പാരഗ്വായ് എന്നിവർക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീം പ്രഖ്യാപിച്ചതോടെ കോപ്പ അമേരിക്ക ടൂർണമെന്റിൽ നിന്നും നിരവധി പ്രധാന താരങ്ങൾ ഒഴിവാക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി. കുറച്ചു നേരം മുൻപാണ് ഇരുപത്തിനാലംഗ ടീമിനെ പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചത്. ജൂൺ 5നും ജൂൺ 9നുമാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളിൽ തന്നെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുമെന്നതു കൊണ്ട് നിലവിൽ പ്രഖ്യാപിച്ച സ്‌ക്വാഡിൽ നിന്നും കോപ്പ അമേരിക്ക സ്‌ക്വാഡിലേക്ക് വലിയ വ്യത്യാസമുണ്ടാകാൻ സാധ്യതയില്ല. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളെ തന്നെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും അതിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളും നിരവധിയാണ്.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രധാന താരം മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഫെർണാണ്ടിന്യോയാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കളാക്കാനും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും നിർണായക പങ്കു വഹിച്ച താരത്തിന് മുപ്പത്തിയാറു വയസാണെന്നത് ടീമിൽ നിന്നും മാറ്റി നിർത്താനുള്ള കാരണമാകുന്നില്ല. പ്രത്യേകിച്ചും മുപ്പത്തിയാറുകാരനായ തിയാഗോ സിൽവയെയും മുപ്പത്തിയെട്ടുകാരനായ ഡാനി ആൽവസിനെയും ടീമിലുൾപ്പെടുത്തിയ സാഹചര്യത്തിൽ.

ഇതിനു പുറമെ യുവന്റസിനു വേണ്ടി കളിക്കുന്ന ആർതർ മെലോ, റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് മാഴ്‌സലോ, ബാഴ്‌സലോണ താരം ഫിലിപ്പെ കുട്ടീന്യോ, ആഴ്‌സണൽ താരം വില്യൻ, ബയേൺ മ്യൂണിക്കിന്റെ ഡഗ്ലസ് കോസ്റ്റ, പിഎസ്‌ജി താരം റഫിന്യ, റയൽ മാഡ്രിഡ് താരം റോഡ്രിഗോ എന്നിവരും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ കുട്ടീന്യോക്ക് പരിക്കും മറ്റു താരങ്ങൾക്ക് ഫോമില്ലായ്‌മയും തിരിച്ചടിയായപ്പോൾ മുന്നേറ്റനിരയിലുള്ള താരബാഹുല്യമാണ് റോഡ്രിഗോക്ക് വിനയായത്.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീം:

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സൺ, വെവേർട്ടൻ

പ്രതിരോധതാരങ്ങൾ: ഡാനിലോ, ഡാനി ആൽവസ്, അലക്‌സ് സാൻഡ്രോ, റെനെൻ ലോദി, തിയാഗോ സിൽവ, ലൂക്കാസ് വെരിസിമോ, മാർക്വിന്യോസ്, എഡർ മിലിറ്റാവോ

മധ്യനിര താരങ്ങൾ: കസമീറോ, ലൂകാസ് പക്വറ്റ, ഫാബിന്യോ, ഫ്രെഡ്, ഡഗ്ലസ് ലൂയിസ്, റിബെയ്‌റോ

മുന്നേറ്റനിര താരങ്ങൾ: റിച്ചാർലിസൻ, ഫിർമിനോ, ഗബ്രിയേൽ ജീസസ്, നെയ്‌മർ, ഗാബിഗോൾ, സെബോളിന്യോ, വിനീഷ്യസ് ജൂനിയർ


facebooktwitterreddit