Football in Malayalam

അർജന്റീന തന്ത്രങ്ങളുപയോഗിച്ചു, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബ്രസീൽ പ്രസിഡന്റിന്റെ മകൻ

Sreejith N
Brazil v Argentina - FIFA World Cup 2022 Qatar Qualifier
Brazil v Argentina - FIFA World Cup 2022 Qatar Qualifier / Gustavo Pagano/Getty Images
facebooktwitterreddit

ആരാധകരുടെ കാത്തിരിപ്പിനെ വ്യർത്ഥമാക്കി ബ്രസീൽ-അർജന്റീന മത്സരം നിർത്തിവെച്ചതിനു പിന്നാലെ അർജന്റീനയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബ്രസീൽ പ്രസിഡന്റായ ജെയർ ബോൾസെനാറോയുടെ മകനായ ഫ്ലാവിയോ ബോൾസെനാറോ. ബ്രസീലിലെ കോവിഡ് പ്രോട്ടോക്കോൾ അർജന്റീന താരങ്ങൾ മനഃപൂർവം ലംഘിച്ചതാണെന്നും അതിനു കടുത്ത നടപടി അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

"അർജന്റീന താരങ്ങൾ കൗശലങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചു. അവർ ബ്രസീലിലെ നിയമങ്ങൾ ലംഘിക്കുകയാണെന്ന് അവർക്ക് അറിയാമായിരുന്നു. ബ്രസീൽ ഹെൽത്ത് അതോറിറ്റികളുടെ ശ്രദ്ധയിൽപ്പെടാതെ അവർ നാലു താരങ്ങളെ ഇംഗ്ലണ്ടിൽ നിന്നും ബ്രസീലിലേക്ക് എത്തിക്കുകയായിരുന്നു," ട്വിറ്ററിൽ ഫ്ലാവിയോ കുറിച്ചു.

അതേ ട്വീറ്റിൽ ലയണൽ സ്‌കലോണിയും അർജന്റീനിയൻ ടീമിന്റെ ഭാഗമായവരും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഫെഡറൽ പോലീസ് മത്സരത്തിനു മുൻപ് നടപടി എടുക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് അന്വേഷിക്കുന്നുണ്ട്. അതിനു പുറമെ അർജന്റീന കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും," അദ്ദേഹം പറഞ്ഞു.

അതിനു ശേഷമുള്ള ട്വീറ്റിൽ ഫ്ലാവിയോ ബ്രസീൽ-അർജന്റീന മത്സരം നിർത്തിവെക്കേണ്ടി വന്ന സംഭവത്തിലുള്ള തന്റെ അഭിപ്രായത്തെ മറ്റൊരു തലത്തിലേക്കും ഉയർത്തുകയുണ്ടായി. മറഡോണയെക്കാൾ മികച്ച താരമാണ് പെലെയെന്നും, ബ്രസീൽ അഞ്ചു തവണ ലോകകപ്പ് നേടിയിട്ടുണ്ട് എന്നുമാണ് അദ്ദേഹം ഇതിനു പിന്നാലെ ട്വിറ്ററിൽ കുറിച്ചത്.

അതേസമയം മത്സരം മാറ്റിവെച്ചത് തന്നെ വിഷമിപ്പിച്ചുവെന്നാണ് അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി പറഞ്ഞത്. സംഭവിച്ചത് എന്തു തന്നെയായാലും അതിനുള്ള സമയം ഇതായിരുന്നില്ലെന്നും എല്ലാവർക്കും മനോഹരമായ അനുഭവം നൽകേണ്ടിയിരുന്ന മത്സരം ഇത്തരത്തിൽ അവസാനിച്ചതിൽ വിഷമകരമാണെന്നും സ്‌കലോണി പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit