Football in Malayalam

കോപ്പ അമേരിക്ക സംഘടിപ്പിച്ചതിൽ എതിർപ്പുണ്ടെങ്കിലും ടൂർണമെന്റിൽ നിന്നും പിന്മാറില്ലെന്ന് ബ്രസീലിയൻ താരങ്ങൾ

Sreejith N
Paraguay v Brazil - FIFA World Cup 2022 Qatar Qualifier
Paraguay v Brazil - FIFA World Cup 2022 Qatar Qualifier / Christian Alvarenga/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്താനുള്ള തീരുമാനമെടുത്ത ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ വിമർശിച്ച് ബ്രസീലിയൻ ദേശീയ ടീം താരങ്ങൾ. രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരിൽ കൊളംബിയയെയും കോവിഡ് വ്യാപനത്തിന്റെ പേരിൽ അർജന്റീനയെയും ടൂർണമെന്റ് നടത്തിപ്പിൽ നിന്നും ഒഴിവാക്കി ബ്രസീലിലേക്ക് വേദി മാറ്റിയതിൽ തുടക്കം മുതൽ തന്നെ എതിർപ്പുയർന്നിരുന്നു. മത്സരങ്ങൾ ബ്രസീലിൽ നടത്തുന്നതിലുള്ള തങ്ങളുടെ എതിർപ്പ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയ താരങ്ങൾ വിയോജിപ്പോടെ തന്നെ ടൂർണമെന്റിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി.

"ഒരു ബ്രസീലിയൻ ജനിക്കുമ്പോൾ ഒരു ആരാധകനും ജനിക്കുകയാണ്. ഇരുനൂറു മില്യണിലധികം വരുന്ന ആരാധകർക്ക് വേണ്ടി കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട ഞങ്ങളുടെ അഭിപ്രായം അറിയിക്കാനാണ് ഈ കത്തെഴുതുന്നത്," താരങ്ങളുടെ പ്രസ്‌താവന ഇങ്ങിനെയാരംഭിക്കുന്നു.

"ഞങ്ങൾ ഒരുമിച്ചു നിൽക്കുന്ന താരങ്ങളാണെങ്കിലും വ്യത്യസ്‌ത ആശയമുള്ളവരാണ്. പല കാരണങ്ങൾ കൊണ്ട്, മാനുഷികമോ അല്ലെങ്കിൽ പ്രൊഫെഷണലോ ആയത്, കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ പെരുമാറ്റം ഞങ്ങൾക്ക് തൃപ്തി തരുന്നതായിരുന്നില്ല. സമീപകാലത്തുണ്ടായ എല്ലാ കാര്യങ്ങളും പരിമിതമായ പ്രക്രിയകളിലൂടെയാണ് ഇതെല്ലാം കടന്നു പോകുന്നതെന്നു സൂചിപ്പിക്കുന്നതാണ്.

"യാതൊരു തരത്തിലും ഇതൊരു രാഷ്ട്രീയ ചർച്ചയാക്കാൻ ഞങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്ന കാര്യം ഊന്നിപ്പറയുകയാണ്. ഞങ്ങളുടെ നിലപാടിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾക്കറിയാം. മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ പിന്തുടരുന്നതിനു പുറമെ ഞങ്ങൾ സോഷ്യൽ മീഡിയയിലും ഉണ്ട്. യഥാർത്ഥ വസ്‌തുതകളില്ലാതെ താരങ്ങളുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ ഞങ്ങൾ ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.

"അവസാനമായി ഞങ്ങൾ തൊഴിലാളികളാണെന്ന കാര്യവും ഓർമ്മിക്കുന്നു, സോക്കർ പ്രൊഫെഷണൽസ്. അഞ്ചു തവണ ലോകചാമ്പ്യന്മാരായ ടീമിന്റെ മഞ്ഞയും പച്ചയും ജേഴ്‌സി അണിയുന്ന ഞങ്ങൾക്ക് നേടിയെടുക്കാൻ ലക്ഷ്യങ്ങളുണ്ട്. കോപ്പ അമേരിക്ക സംഘടിപ്പിക്കുന്നതിനോട് ഞങ്ങൾക്ക് എതിർപ്പാണ്, എന്നാൽ ബ്രസീലിയൻ ദേശീയ ടീമിനോട് ഒരിക്കലും ഞങ്ങൾ പറ്റില്ലെന്നു പറയില്ല," പ്രസ്‌താവനയിൽ താരങ്ങൾ വ്യക്തമാക്കി.

നേരത്തെ ബ്രസീലിയൻ താരങ്ങൾ ഒന്നടങ്കം ടൂർണമെന്റ് ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതു സംഭവിക്കില്ലെന്നാണ് നിലവിലെ പ്രസ്‌താവന വ്യക്തമാക്കുന്നത്. അതേസമയം ടൂർണമെന്റ് സംഘടിപ്പിക്കുന്ന വിഷയത്തിൽ അടുത്ത ദിവസം ബ്രസീലിയൻ സുപ്രീം കോടതി വിധി പറയാൻ തയ്യാറെടുക്കുകയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit