Football in Malayalam

കോപ്പ അമേരിക്ക കിരീടം നിലനിറുത്താനൊരുങ്ങി ബ്രസീൽ; നോകൗട്ട് മത്സരങ്ങളിലെ എതിരാളികൾ ആരൊക്കെയാകുമെന്ന് നോക്കാം...

Gokul Manthara
Brazil v Colombia: Group B - Copa America Brazil 2021
Brazil v Colombia: Group B - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചത് പോലെ വമ്പന്മാരെല്ലാം ക്വാർട്ടറിലേക്ക് യോഗ്യത നേടി. ടൂർണമെന്റിന്റെ ആതിഥേയരായ ബ്രസീൽ നാല് മത്സരങ്ങളിൽ മൂന്ന് വിജയവും, ഒരു സമനിലയുമുൾപ്പെടെ 10 പോയിന്റ് നേടി ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഫൈനലിലേക്കെത്തിയിരിക്കുന്നത്. നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ ബ്രസീലിന്റെ കിരീട പ്രതീക്ഷകൾ വളരെ ഉയർന്നു നിൽക്കുന്നുണ്ടെങ്കിലും മുന്നോട്ടുള്ള മത്സരങ്ങൾ അവർക്ക് അല്പം കടുപ്പമേറിയതാവാനാണ് സാധ്യത.

വെനസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കം കുറിച്ച ബ്രസീൽ, രണ്ടാം മത്സരത്തിൽ പെറുവിനെ 4-0ന് തകർത്തു. മൂന്നാം മത്സരത്തിൽ കൊളംബിയക്കെതിരെ 2-1നായിരുന്നു കാനറികളുടെ വിജയം. അവസാന മത്സരത്തിൽ ഇക്വഡോറിനോട് സമനില (1-1) വഴങ്ങേണ്ടി വന്നത് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ആരാധകർക്ക് അല്പം നിരാശ‌ നൽകിയത്. ടൂർണമെന്റിലെ മുന്നോട്ടുള്ള മത്സരങ്ങൾ അവർക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

ക്വാർട്ടർ ഫൈനൽ

കരുത്തരായ ചിലിയാണ് ഈ വർഷത്തെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ. അർജന്റീനയും, ഉറുഗ്വെയും അണിനിരന്ന ഗ്രൂപ്പ് എ യിലെ നാലാം സ്ഥാനക്കാരായാണ് ചിലി ഇക്കുറി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയതെങ്കിലും ഏത് നിമിഷവും അപകടകാരികളാവാൻ കെൽപ്പുള്ള അവർ ക്വാർട്ടർ ഫൈനലിൽ ബ്രസീലിന് കനത്ത ഭീഷണിയാകും‌. എന്നാൽ തങ്ങളുടെ സ്വതസിദ്ധമായ മികവിലേക്ക് ഉയരാൻ കഴിഞ്ഞാൽ കാനറികൾക്ക് ചിലിയെ വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സെമി ഫൈനൽ

ചിലിയെ മറികടന്ന് സെമി ഫൈനലിലെത്തിയാൽ പെറു-പരാഗ്വെ ക്വാർട്ടർ മത്സരത്തിലെ വിജയികളാവും ബ്രസീലിന്റെ എതിരാളികൾ. നിലവിലെ ഫോമിൽ ഈ രണ്ട് ടീമുകളും ബ്രസീലിന് അത്ര കടുപ്പമേറിയ എതിരാളികളാവില്ലെന്നാണ് കരുതപ്പെടുന്നത്‌. അത് കൊണ്ടു തന്നെ വലിയ അബദ്ധങ്ങളൊന്നും വരുത്തിയില്ലെങ്കിൽ ബ്രസീലിന് ഇക്കുറി കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിലേക്ക് അനായാസം എത്താം.

ഫൈനൽ

ഉറുഗ്വെ-കൊളംബിയ ക്വാർട്ടർ മത്സരത്തിലെ വിജയികളും, അർജന്റീന-ഇക്വഡോർ മത്സരത്തിലെ വിജയികളും തമ്മിൽ ഏറ്റുമുട്ടുന്ന സെമി ഫൈനലിൽ ജയം നേടുന്ന ടീമായിരിക്കും ബ്രസീൽ, ഇക്കുറി കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയാൽ അവരുടെ എതിരാളികൾ. ടൂർണമെന്റിലെ ഇതു വരെയുള്ള ഫോം വെച്ചു നോക്കിയാൽ ഇതിൽ നിന്ന് അർജന്റീന ഫൈനലിലെത്താനുള്ള സാധ്യതകളാണ് ഉയർന്നു നിൽക്കുന്നത്. അങ്ങനെയെങ്കിൽ ഫുട്ബോൾ ലോകം കാത്തിരിക്കുന്ന അർജന്റീന-ബ്രസീൽ ഫൈനലാകും കോപ്പ അമേരിക്കയിൽ ഇക്കുറി നടക്കുക.


facebooktwitterreddit