ലയണൽ മെസ്സിയുടെ ആരാധകനാണ് താനെന്ന് ബ്രസീലിയന്‍ ഇതിഹാസ താരം കഫു

Lionel Messi won his seventh Ballon d'Or this year
Lionel Messi won his seventh Ballon d'Or this year / CARL DE SOUZA/GettyImages
facebooktwitterreddit

അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയുടെ വലിയ ആരാധകനാണ് താനെന്ന് വ്യക്തമാക്കി ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കഫു. അർജന്റീനൻ വെബ്‌സൈറ്റായ ഒലെക്ക് നല്‍കിയ അഭിമുഖത്തിലാണ് കഫു ഇക്കാര്യം വ്യക്തമാക്കിയത്.

"കൊള്ളാം, ഞാന്‍ മികച്ച ഫുട്‌ബോളിന്റെ ആരാധകനാണ്. ഞാന്‍ മികച്ച കളിക്കാരുട ആരാധകനാണ്. ഞാന്‍ മെസ്സിയുടെ ആരാധകനാണ്. മെസ്സി ശരിക്കും അതിന് (2021 ബാലൺ ഡി ഓറിന്) അര്‍ഹനാണ്. ഓരോ വര്‍ഷം കഴിയും തോറും കൂടുതൽ അനുഭവപരിചയം കരസ്ഥമാക്കുന്ന അദ്ദേഹം കൂടുതൽ മികച്ചവനായിക്കൊണ്ടിരിക്കുകയാണ്,"മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന് കഫു മറുപടി പറഞ്ഞു. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ഉൾപ്പെടെ 142 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് കഫു.

"15 വര്‍ഷത്തിനിടക്ക് ഏഴ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ താരമാണ് അദ്ദേഹം. അത്തരത്തിലുള്ളൊരു കളിക്കാരെ സംബന്ധിച്ച് എന്ത് പറയാന്‍, ബ്രസീലുകാര്‍ ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ളവരുടെ കണ്ണുകളെ ഫുട്ബോൾ കളിച്ച് കൊണ്ട് ആനന്ദിപ്പിക്കുന്ന താരമാണ് മെസ്സി," കഫു അഭിപ്രായപ്പെട്ടു.

2021ലായിരുന്നു മെസ്സി ഏഴാം ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്ന താരമെന്ന തന്റെ തന്നെ റെക്കോർഡ് കൂടുതൽ ഭദ്രമാക്കാൻ മെസ്സിക്ക് കഴിഞ്ഞു.

2021ല്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലെത്തിയ മെസ്സി അവിടെ ഫോമിലേക്കുയര്‍ന്ന് വരുന്നതേയുള്ളു. ഫ്രഞ്ച് ലീഗില്‍ അത്ര മികച്ച പ്രകടനമല്ലെങ്കിലും ചാംപ്യന്‍സ് ലീഗില്‍ മികച്ച പ്രകടനമാണ് മെസ്സി ഫ്രഞ്ച് കരുത്തന്‍മാര്‍ക്ക് വേണ്ടി നടത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകളാണ് അർജന്റീന താരം പിഎസ്‌ജിക്ക് വേണ്ടി നേടിയിട്ടുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.