Football in Malayalam

എക്സ്ട്രാ ടൈമിൽ വിജയഗോൾ; സ്പെയിനിനെ പരാജയപ്പെടുത്തി ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ സ്വർണം നേടി ബ്രസീൽ

90min Staff
Brazil celebrated their victory over Spain in Olympics men's football final
Brazil celebrated their victory over Spain in Olympics men's football final / Clive Mason/Getty Images
facebooktwitterreddit

പകരക്കാരനായി കളത്തിലിറങ്ങിയ മാൽകം എക്സ്ട്രാ ടൈമിൽ നേടിയ ഗോളിൽ, സ്പെയിനിനെ 2-1ന് പരാജയപ്പെടുത്തി ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ സ്വർണം കരസ്ഥമാക്കി ബ്രസീൽ. ഇതോടെ, തുടർച്ചയായ രണ്ടാം ഒളിംപിക്സിലാണ് കാനറിപ്പട പുരുഷഫുട്ബോളിൽ സ്വർണം നേടുന്നത്. നേരത്തെ, 2016 റിയോ ഒളിംപിക്സിലും സ്വർണം സ്വന്തമാക്കിയത് ബ്രസീലായിരുന്നു.

മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിലെ ആദ്യ ഗോൾ നേടിയത് ബ്രസീലാണ്. മത്സരത്തിന്റെ 45ആം മിനുറ്റിൽ. എന്നാൽ, മത്സരത്തിന്റെ 38ആം മിനുറ്റിൽ തന്നെ ആദ്യ ഗോൾ നേടാനുള്ള സുവർണാവസരം ബ്രസീലിന് ലഭിച്ചിരുന്നു. മാത്യുസ് കുൻഹയെ ഉനായ് സിമോൺ ബോക്സിനുള്ളിൽ വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ പക്ഷെ റീചാർലിസണിന് കഴിഞ്ഞില്ല.

പക്ഷെ, 7 മിനിറ്റുകൾക്ക് ശേഷം ബ്രസീൽ സ്പെയിൻ വല കുലുക്കി. ലാ റോജയുടെ മോശം ഡിഫൻഡിങ് മുതലെടുത്ത കുൻഹയാണ് ആന്ദ്രേ ജാർഡൈന്റെ സംഘത്തെ മുന്നിലെത്തിച്ചത്.

മത്സരത്തിന്റെ 61ആം മിനുറ്റിൽ സ്പെയിൻ തങ്ങളുടെ സമനില ഗോൾ നേടി. കാർലോസ് സോളാർ ബോക്സിലേക്ക് നൽകിയ ക്രോസ്സ് മനോഹരമായ ഒരു ഫിനിഷിലൂടെ വലകുലുക്കുകയായിരുന്നു മൈക്കൽ ഒയർസബാൽ.

സ്കോർനില ഇതേ രീതിയിൽ തുടർന്നതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 108ആം മിനുട്ടിലാണ് ബ്രസീൽ വിജയഗോൾ നേടിയത്. ആന്റണി സാന്റോസിന്റെ പാസ് സ്പാനിഷ് പ്രതിരോധത്തെ തന്റെ വേഗത കൊണ്ട് മറികടന്നതിന് ശേഷം സ്വീകരിച്ച മാൽക്കമാണ് സ്പെയിൻ വലകുലുക്കിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit