അർജന്റീന, കൊളംബിയ താരങ്ങളെല്ലാം ദേശീയ ടീമിനൊപ്പം ചേർന്നു, പ്രീമിയർ ലീഗിനോടുള്ള എതിർപ്പു പ്രകടിപ്പിച്ച് ബ്രസീൽ


ലോകകപ്പ് യോഗ്യത മത്സരങ്ങൾ അടുത്തിരിക്കെ താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും ക്ലബുകളുടെയും തീരുമാനത്തിൽ ബ്രസീലിയൻ താരങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രീമിയർ ലീഗിൽ കളിക്കുന്ന അർജന്റീനയുടെയും കൊളംബിയയുടെയും താരങ്ങൾ ദേശീയ ടീമിനൊപ്പം ചേർന്നപ്പോൾ ബ്രസീലിന്റെ ഒൻപതു താരങ്ങൾ ഇപ്പോഴും ഇംഗ്ലണ്ടിൽ തുടരുകയാണ്.
റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ വേണ്ടി വരുമെന്നതു കൊണ്ടും കോവിഡ് ബാധയേൽക്കാൻ സാധ്യത കൂടുതലായതു കൊണ്ടുമാണ് സൗത്ത് അമേരിക്കൻ താരങ്ങളടക്കമുള്ളവരെ വിട്ടുകൊടുക്കില്ലെന്ന നിലപാട് പ്രീമിയർ ലീഗ് എടുത്തത്. ഇതോടെ ലിവർപൂളിൽ കളിക്കുന്ന അലിസൺ, ഫാബിന്യോ, ഫിർമിനോ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ, ഗബ്രിയേൽ ജീസസ്, ചെൽസിയുടെ തിയാഗോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡ്, എവെർട്ടണിന്റെ റിച്ചാർലിസൺ, ലീഡ്സിന്റെ റാഫിന്യ എന്നിവർക്കാണ് ബ്രസീൽ ടീമിനൊപ്പം ചേരാനാവാത്തത്.
Brazil was missing nine players from the #PremierLeague for its first day of practice #FIFAWorldCup qualifiers.
— Express Sports (@IExpressSports) August 31, 2021
Argentina and Colombia managed to bring their England-based players into camp https://t.co/dUeEvygfvd
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നു പ്രധാന ടീമുകളെ നേരിടാനിരിക്കെയാണ് ബ്രസീൽ താരങ്ങൾക്ക് ടീമിനൊപ്പം ചേരാനാവാത്ത സാഹചര്യമുണ്ടായത്. ചിലി, അർജന്റീന, പെറു എന്നിവരെയാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീൽ നേരിടേണ്ടത്. ഈ താരങ്ങളെ ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ സാധാരണയിൽ നിന്നും കൂടുതൽ വലിപ്പമുള്ള സ്ക്വാഡിനെയാണ് ബ്രസീൽ പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രീമിയർ ലീഗിന്റെ തീരുമാനത്തിനെതിരെ ചെൽസി താരമായ തിയാഗോ സിൽവ ഇൻസ്റ്റഗ്രാമിലാണ് പ്രതിഷേധം അറിയിച്ചത്. ചെൽസി ഷർട്ടിൽ രണ്ടു കൈകളും പിന്നിൽകെട്ടി ദുഖിതനായിരിക്കുന്ന ചിത്രം പോസ്റ്റു ചെയ്ത താരം 'ഞാൻ എന്തെങ്കിലും പറയേണ്ടതുണ്ടോ' എന്ന വാക്കുകളോടെയാണ് അതു പോസ്റ്റു ചെയ്തത്. ഇതിനു പുറമെ ബ്രസീൽ ജേഴ്സിയിൽ ഗോളാഘോഷിക്കുന്ന ചിത്രത്തിൽ എവെർട്ടൺ ഫുട്ബോൾ ക്ലബ്ബിനെ ടാഗ് ചെയ്ത് റിച്ചാർലിസണും തന്റെ പ്രതിഷേധം കുറിച്ചു.
ബ്രസീലിനു പുറമെ യുറുഗ്വായ്, ചിലി, പരാഗ്വായ്, എന്നിവരുടെ പ്രീമിയർ ലീഗ് താരങ്ങളും ദേശീയ ടീമിനൊപ്പം ചേർന്നിട്ടില്ല. അതേസമയം ആദ്യത്തെ രണ്ടു മത്സരങ്ങളിൽ മാത്രമേ കളിപ്പിക്കൂവെന്ന നിബന്ധനയോടെയാണ് അർജന്റീനയും കൊളംബിയയും പ്രീമിയർ ലീഗ് താരങ്ങളെ ടീമിൽ എത്തിച്ചിരിക്കുന്നത്. പ്രീമിയർ ലീഗിൽ നിന്നും ടോട്ടനത്തിന്റെ ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേരോ, ആസ്റ്റൺ വില്ലയുടെ എമിലിയാനോ ബുവണ്ടിയ, എമിലിയാണോ മാർട്ടിനസ് എന്നിവരാണ് അർജന്റീന താരങ്ങളായുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.