ഖത്തർ ലോകകപ്പിനു ശേഷം ആഴ്‌സണലിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബ്രസീൽ മാനേജർ ടിറ്റെ

Brazil Coach Tite Denies Arsenal Rumours
Brazil Coach Tite Denies Arsenal Rumours / Buda Mendes/GettyImages
facebooktwitterreddit

ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ടീം പരിശീലകസ്ഥാനം ഒഴിയുമെന്നു വ്യക്തമാക്കിയതിനു പിന്നാലെ ആഴ്‌സണൽ മാനേജരായി ചുമതലയേൽക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ടിറ്റെ. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോസ്‌പോർട്ട് നൽകിയ റിപ്പോർട്ട് തെറ്റാണെന്നു വ്യക്തമാക്കിയ അദ്ദേഹം ആഴ്‌സണൽ ക്ലബിനോട് ക്ഷമാപണം നടത്തുകയും ചെയ്‌തു.

"ഗ്ലോബോ നെറ്റ്‌വർക്കിന്റെ ടെലികാസ്റ്റിനിടയിൽ നൽകിയ വിവരങ്ങളിൽ വിഷമമുണ്ട്. ആ വിവരങ്ങൾ തെറ്റാണെന്നതു കൂടിയാണ് വിഷമത്തിനു കാരണമായത്. എന്നെ അറിയാവുന്ന ആളുകളോട് ശാന്തരായി തുടരാൻ ഞാൻ ആവശ്യപ്പെടുന്നു. എന്റെ വ്യക്തിസ്വഭാവം പ്രൊഫെഷണൽ കാര്യങ്ങളുടെ മൂല്യം മനസിലാക്കുന്നതും ബ്രസീലിയൻ ടീമിനോടുള്ള ഉത്തരവാദിത്വം അറിയുന്നതുമാണ്."

"ഞാൻ ആഴ്‌സണലിനോട് ക്ഷമ ചോദിക്കുന്നു, ഈ വിവരം എന്നിൽ നിന്നും വന്നതല്ല, അതിൽ പറഞ്ഞ യാതൊന്നും ശരിയുമല്ല. നിരവധി വ്യാജവാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇതുപോലെയുള്ള തെറ്റായ വിവരങ്ങൾ എന്നെ വിഷമിപ്പിക്കുന്നു, അത് തിരുത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ നേരിടുന്നതിനു മുൻപ് ടിറ്റെ മാധ്യമങ്ങളോട് പറഞ്ഞു.

ടിറ്റെ ആഴ്‌സണൽ പരിശീലകനാകുമെന്നുള്ള അഭ്യൂഹങ്ങൾ ഫുട്ബോൾ ആരാധകരുടെ നെറ്റി ചുളിപ്പിച്ച ഒന്നായിരുന്നു. നിലവിലെ പരിശീലകനായ അർടെട്ടക്കു കീഴിൽ മികച്ച പ്രകടനമാണ് ആഴ്‌സണൽ ഇപ്പോൾ നടത്തുന്നത്. വർഷങ്ങൾക്കു ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ പൊരുതുന്ന ആഴ്‌സണൽ അർടെട്ടക്കു കീഴിൽ കൂടുതൽ കരുത്തരായി വരുമെന്ന പ്രതീക്ഷ ഓരോ ആരാധകനുമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.