Football in Malayalam

യുവേഫ നാഷൻസ് ലീഗിൽ ബ്രസീൽ, അർജന്റീന ടീമുകൾ കളിക്കാനുള്ള സാധ്യതയേറുന്നു

Sreejith N
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / MAURO PIMENTEL/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള പദ്ധതിയുമായി ഫിഫ മുന്നോട്ടു പോകുമ്പോൾ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ടൂർണമെന്റായ നാഷൻസ് ലീഗ് വിപുലമാക്കാൻ യുവേഫ ഒരുങ്ങുന്നു. അടുത്ത തവണ നടക്കുന്ന യുവേഫ നാഷൻസ് ലീഗ് ടൂർണമെന്റിൽ ബ്രസീൽ, അർജന്റീന ടീമുകളെ ഉൾപ്പെടുത്താൻ യുവേഫക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ല സ്പോർട് പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിലെ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന പോരാട്ടമായ നാഷൻസ് ലീഗിൽ മറ്റു കോൺഫെഡറേഷനിലെ ടീമുകളെ ഉൾപ്പെടുത്താൻ യുവേഫക്കു താൽപര്യമുണ്ട്. സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനും ഇക്കാര്യത്തിൽ യുവേഫക്കൊപ്പമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യൂറോ കപ്പ് വിജയം നേടിയ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള മത്സരം നാഷൻസ് ലീഗ് വിപുലപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ശക്തി പകരുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത വർഷം ജൂണിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. യുവേഫ നാഷൻസ് ലീഗ് വന്നതോടെ യൂറോപ്പിലെ രാജ്യങ്ങളുമായി സൗത്ത് അമേരിക്കൻ ടീമുകളുടെ സൗഹൃദ മത്സരങ്ങൾ കുറഞ്ഞുവെന്ന പ്രശ്‌നവും ടൂർണമെന്റ് വിപുലമാക്കുന്നതോടെ പരിഹരിക്കപ്പെടും.

അതേസമയം യുവേഫ ഇതു നടപ്പിലാക്കിയാൽ അത് രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ നീക്കങ്ങൾക്ക് തിരിച്ചടി നൽകുമെന്നതിൽ തർക്കമില്ല. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ലോകത്തു തന്നെ ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളായ ബ്രസീലും അർജന്റീനയും ചേരുന്നതോടെ നാഷൻസ് ലീഗ് പോരാട്ടത്തിന്റെ മൂല്യവും വർധിക്കപ്പെടും.

facebooktwitterreddit