മൂന്നു മുന്നേറ്റനിര താരങ്ങളെ സമ്മർ ജാലകത്തിൽ ഒഴിവാക്കാൻ തീരുമാനിച്ച് ബാഴ്സലോണ


ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം നിരവധി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും മോശം ഫോമിലേക്ക് വീഴുകയും ചെയ്ത ബാഴ്സലോണ അതിൽ നിന്നും കരകയറുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ കാണിക്കുന്നുണ്ട്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങൾ ക്ലബിലെത്തിയതിനു പിന്നാലെ അത്ലറ്റികോ മാഡ്രിഡിനെതിരെ നേടിയ മികച്ച വിജയം ഇതു കൃത്യമായി സൂചിപ്പിക്കുന്നു.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എത്തിയയവർക്കു പുറമെ സമ്മറിൽ ടീമിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ ബാഴ്സക്കു പദ്ധതിയുണ്ട്. അതുകൊണ്ടു തന്നെ നിലവിൽ ടീമിലുള്ള എട്ടു മുന്നേറ്റനിര താരങ്ങളായ ഡെംബലെ, അഡമ, ഫെറൻ, അൻസു, ഒബാമേയാങ്, ലൂക്ക് ഡി ജോംഗ്, മെംഫിസ്, ബ്രൈത്ത്വൈറ്റ് എന്നിവരിൽ മൂന്നു താരങ്ങളെ ക്ലബ് ഒഴിവാക്കുമെന്ന് സ്പാനിഷ് മാധ്യമം സ്പോർട് വ്യക്തമാക്കുന്നു.
കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെ ക്ലബ് വിടുന്നതിനു പുറമെയാണ് മെംഫിസ്, ലൂക്ക് ഡി ജോംഗ്, ബ്രൈത്ത്വൈറ്റ് എന്നിവരെ ഒഴിവാക്കാൻ ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ലോൺ കരാറിലുള്ള ലൂക്ക് ഡി ജോങിനെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ബാഴ്സക്കു പദ്ധതിയില്ല. ഇതിനു പുറമെ ഡീപേയ്, ബ്രൈത്ത്വൈറ്റ് എന്നിവരെ മറ്റു ക്ലബുകൾക്ക് വിൽക്കാനാണ് ബാഴ്സ ഒരുങ്ങുന്നത്.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി ബാഴ്സയിൽ എത്തിയ മെംഫിസ് തുടക്കത്തിൽ മികച്ച പ്രകടനം നടത്തി ഗോളുകൾ കണ്ടെത്തിയെങ്കിലും പിന്നീട് പുറകോട്ടു പോയി. പരിക്കും താരത്തിന് തിരിച്ചടിയായെങ്കിലും കളിക്കളത്തിൽ ഇറങ്ങിയപ്പോഴൊന്നും സാവിയുടെ മതിപ്പു നേടാൻ ഡച്ച് താരത്തിന് കഴിഞ്ഞിട്ടില്ല. ഇതാണ് മെംഫിസിനെ ഒഴിവാക്കാൻ ബാഴ്സ തീരുമാനിക്കാൻ കാരണം.
അവസരം ലഭിച്ചപ്പോഴെല്ലാം ടീമിനു വേണ്ടി ആത്മാർത്ഥമായ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും സാവി ആഗ്രഹിക്കുന്ന തരം നമ്പർ 9 അല്ലെന്നതാണ് ലൂക്ക് ഡി ജോങിനു തിരിച്ചടിയായത്. അതേസമയം ബ്രൈത്ത്വൈറ്റിന്റെ വർക്ക്റേറ്റും ഏറ്റവും മികച്ച പ്രകടനം നടത്താനുളള അഭിനിവേശവും സാവിക്കു മതിപ്പുണ്ടാക്കി എങ്കിലും ഒരു ടോപ് ലെവൽ കളിക്കാരനല്ലാത്തതിനാൽ ഡാനിഷ് താരത്തെയും ബാഴ്സ ഒഴിവാക്കുകയാണ്.
ഈ താരങ്ങളെ ഒഴിവാക്കി ജനുവരിയിൽ ടീമിലെത്തിച്ചവർക്കു പുറമെ എർലിങ് ഹാലൻഡിനെയും സ്വന്തമാക്കി മുന്നേറ്റനിര ശക്തിപ്പെടുത്താനാണ് ബാഴ്സലോണ ഒരുങ്ങുന്നത്. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫെറൻ ടോറസ്, എർലിങ് ഹാലാൻഡ്, അൻസു ഫാറ്റി എന്നിവരെയാണ് അടുത്ത സീസണിൽ ബാഴ്സ മുന്നേറ്റനിരയിലെ ത്രയമായി സാവി അണിനിരത്താൻ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.