മലയാളികൾക്ക് അഭിമാനനിമിഷം, മെസി പോസ്റ്റു ചെയ്ത വീഡിയോയിൽ മലപ്പുറത്തു നിന്നുള്ള ബാലനും


ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസിക്ക് ലോകത്തെമ്പാടുമുള്ളതു പോലെ തന്നെ കേരളത്തിലും നിരവധി ആരാധകരുണ്ട്. ലോകകപ്പ്, കോപ്പ അമേരിക്ക പോലെയുള്ള ടൂർണമെന്റുകൾ വരുമ്പോൾ മെസിക്കും അർജന്റീനക്കും വേണ്ടി കേരളത്തിൽ ഉയരുന്ന ആരവം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോൾ കേരളക്കരയിലെ മെസി ആരാധകർക്കും മറ്റുള്ളവർക്കും അഭിമാനം കൊള്ളാവുന്ന ഒരു വീഡിയോ ഷെയർ ചെയ്തിരിക്കയാണ് ലോകഫുട്ബോളിലെ സൂപ്പർതാരം.
അഡിഡാസിന്റെ പങ്കാളിത്തത്തിൽ മെസിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിൽ കേരളത്തിലെ മലപ്പുറത്തു നിന്നുമുള്ള ഒരു ബാലന്റെ ഗോളാഘോഷവും ഇടം പിടിച്ചിട്ടുണ്ടെന്നതാണ് മലയാളികൾക്ക് അഭിമാനമായി മാറുന്നത്. നേരത്തെ തന്നെ ആഗോളതലത്തിലും പ്രമുഖ ഫുട്ബോൾ താരങ്ങളുടെ ഇടയിലും തന്റെ വീഡിയോകളാൽ ശ്രദ്ധ പിടിച്ചു പാടിയിട്ടുള്ള മലപ്പുറം സ്വദേശിയായ മിഷാൽ അബുലൈസാണു മെസിയുടെ ഫേസ്ബുക്ക് പേജിലെ വീഡിയോയിലും ഇടം പിടിച്ചിരിക്കുന്നത്.
impossible is nothing @adidasfootball ? @badbunnypr #createdwithadidas
Posted by Leo Messi on Friday, October 15, 2021
മെസി തന്റെ ചെറുപ്പകാലത്തു ഫുട്ബോൾ കളിക്കുന്നതിനിടെ വീഡിയോയിൽ നിന്നും തുടങ്ങി അർജന്റീന ജേഴ്സിയിലുള്ള താരത്തിന്റെ പ്രധാന നിമിഷങ്ങളിലൂടെ കടന്നു പോകുന്ന വീഡിയോയിൽ ബാലൺ ഡി ഓർ ഉൾപ്പെടെയുള്ള നേട്ടങ്ങളും കാണിക്കുന്നു. "അസാധ്യമായത് ഒന്നുമില്ല" എന്ന സന്ദേശം നൽകുന്ന വീഡിയോ മെസി നൽകുന്ന പ്രചോദനത്തെക്കുറിച്ച് പരാമർശം നടത്തിയതിനു ശേഷം അവസാനിക്കുന്നത് അബൂലൈസിന്റെ മെസി സ്റ്റൈൽ ഗോളാഘോഷത്തിലാണ്.
മലപ്പുറത്തെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അബൂലൈസ് മെസി, നെയ്മർ തുടങ്ങി നിരവധി താരങ്ങളുടെ ശൈലിയിൽ ഗോളുകൾ നേടിയും നെയ്മർ, റോബർട്ടോ കാർലോസ് തുടങ്ങിയ താരങ്ങൾ വീഡിയോ ഷെയർ ചെയ്തതു വഴിയും നേരത്തെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സഹോദരനായ വാജിദ് പരിശീലനം നൽകുന്ന അബുവിന് എക്കാലത്തും അഭിമാനിക്കാൻ കഴിയുന്ന കാര്യമാണിതെന്നതിൽ സംശയമില്ല.