Football in Malayalam

ഹാലൻഡിൽ നോട്ടമിട്ടിരിക്കുന്ന ക്ലബുകൾക്ക് തിരിച്ചടി, താരത്തെ നിലനിർത്താൻ പുതിയ പദ്ധതിയുമായി ബൊറൂസിയ ഡോർട്മുണ്ട്

Sreejith N
Borussia Dortmund v SpVgg Greuther Fürth - Bundesliga
Borussia Dortmund v SpVgg Greuther Fürth - Bundesliga / Dean Mouhtaropoulos/GettyImages
facebooktwitterreddit

വരാനിരിക്കുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന ക്ലബുകൾക്ക് കനത്ത തിരിച്ചടിയായി താരത്തെ നിലനിർത്താനുള്ള പദ്ധതികളുമായി ജർമൻ ക്ലബ് മുന്നോട്ട്. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഹാലൻഡിനെ നിലനിർത്താൻ വേണ്ടി താരത്തിന്റെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കാനാണ് ഡോർട്മുണ്ട് ഒരുങ്ങുന്നത്.

റെഡ്ബുൾ സാൽസ്ബർഗിൽ കളിച്ചിരുന്ന സമയത്തു തന്നെ ശ്രദ്ധയാകർഷിച്ച പ്രകടനം നടത്തിയിരുന്ന എർലിങ് ഹാലൻഡ് ഡോർട്മുണ്ടിൽ എത്തിയതിനു ശേഷം ലോകത്തിലെ മികച്ച സ്‌ട്രൈക്കർമാരിലൊരാൾ എന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. ഏതു ശൈലിയിൽ കളിക്കുന്ന ടീമായാലും ഗോളുകൾ ഉറപ്പു നൽകാൻ കഴിയും എന്നതാണ് ഹാലൻഡിൽ യൂറോപ്പിലെ ക്ലബുകൾക്കെല്ലാം താല്പര്യമുണ്ടാകാൻ കാരണം.

ഈ സീസൺ കഴിയുന്നതോടെ ഹാലൻഡിന്റെ 65 മില്യൺ പൗണ്ടിന്റെ റിലീസിംഗ് ക്ളോസ് നിലവിൽ വരുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് താരത്തിനു വേതനം ഇരട്ടിയാക്കി പുതിയ കോണ്ട്രാക്റ്റ് നൽകാൻ ഡോർട്മുണ്ട് തയ്യാറെടുക്കുന്നത്. കരാറിനു സമ്മതം മൂളിയാൽ ഹാലൻഡിന്റെ വേതനം പ്രതിവർഷം 8 മില്യൺ യൂറോയിൽ നിന്നും 16 മില്യൺ യൂറോയായാണ് വർധിക്കുക.

കഴിഞ്ഞ ദിവസം താരത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കേ ഹാലൻഡ് ബൊറൂസിയ ഡോർട്മുണ്ടിൽ ഒരു സീസൺ കൂടി തുടരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഏജന്റായ മിനോ റയോള പറഞ്ഞിരുന്നു. റയോളയുടെ വാക്കുകൾ പരിഗണനയിൽ എടുക്കുകയാണെങ്കിൽ താരം പുതിയ കരാർ സ്വീകരിക്കാനും ഒരു സീസൺ കൂടി ജർമൻ ക്ലബിൽ തുടരാനും തന്നെയാണ് സാധ്യത.

അതേസമയം ഹാലൻഡ്‌ പുതിയ കരാറൊപ്പിട്ടാൽ അത് താരത്തെ സ്വന്തമാക്കാൻ വേണ്ടി കാത്തിരിക്കുന്ന ടീമുകൾക്കെല്ലാം കനത്ത തിരിച്ചടി തന്നെയാണു നൽകുക. നിലവിലെ റിപ്പോട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ ക്ലബുകളാണ് ഹാലൻഡിനു വേണ്ടി മുൻനിരയിലുള്ളത്. ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ താരം ഒരു സീസൺ കൂടി ഡോർട്മുണ്ടിൽ തുടരുന്നതായിരിക്കും അവർക്കു താൽപര്യമുണ്ടാവുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit