ഒരു സീസണ് കൂടി ഹാളണ്ടിനെ ടീമില്‍ നിലനിര്‍ത്താന്‍ പദ്ധതിയിട്ട് ബൊറൂസിയ ഡോര്‍ട്മുണ്ട്

ഒരു സീസണില്‍ കൂടി നോര്‍വേ താരം ഏർലിങ് ഹാളണ്ടിനെ ടീമില്‍ നിലനിര്‍ത്താന്‍ പദ്ധതി തയ്യാറാക്കി ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ട്. നിലവിര് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബുകള്‍ ഹാളണ്ടിനെ ടീമിലെത്തിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് ഡോര്‍ട്മുണ്ട് ഹാളണ്ടിന് പുതിയ ഓഫര്‍ നൽകാൻ പദ്ധതിയിടുന്നത്.
സീസണില്‍ 18 മില്യൺ യൂറോ പ്രതിഫലം ലഭിക്കുന്ന പുതിയ കോൺട്രാക്ട് ഹാളണ്ടിന് നല്‍കാനാണ് ഡോർട്മുണ്ടിന്റെ തീരുമാനം. ജർമൻ മാധ്യമായ ബിൽഡിന്റെ [via മാർക്ക] റിപ്പോർട്ട് പ്രകാരം ഈ തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഡോര്‍ട്മുണ്ടിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരമായി ഹാളണ്ട് മാറും. നിലവിൽ 10 മില്യന്‍ യൂറോ പ്രതിവർഷ ശമ്പളമുള്ള സീനിയർ താരങ്ങളായ മാർക്കോ റൂയിസ്, മാറ്റ്സ് ഹമ്മെൽസ് എന്നിവരാണ് ക്ലബിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ. പുതിയ ഓഫര്‍ സ്വീകരിച്ച് ഒരു സീസണില്‍ കൂടി ഹാളണ്ട് തങ്ങളോടൊപ്പം തുടരുമെന്ന വിശ്വാസത്തിലാണ് ഡോർട്മുണ്ട്.
ചാംപ്യന്‍സ് ലീഗില്‍ അയാക്സിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ ഹാളണ്ട് ഇപ്പോള്‍ വിശ്രമത്തിലാണ്. നിലവില്‍ ബുണ്ടസ്ലിഗയില് ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ഒന്‍പത് ഗോളുമായി, ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കിക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് ഹാളണ്ട്.
കഴിഞ്ഞ സീസണില്‍ 41 ഗോളുകൾ നേടി മിന്നും പ്രകടനം പുറത്തെടുത്ത ഹാളണ്ട്, യൂറോപ്പിലെ പല വമ്പന്മാരും ലക്ഷ്യമിടുന്ന താരമാണ്. താരത്തെ അടുത്ത സമ്മറിൽ സ്വന്തമാക്കാൻ വേണ്ടിയുള്ള പദ്ധതികൾ ക്ലബുകൾ തയ്യാറാക്കുമ്പോൾ, താരത്തെ ഒരു സീസൺ കൂടി ടീമിൽ നിലനിറുത്താനാണ് ഡോർട്മുണ്ട് ശ്രമിക്കുന്നത്.