Football in Malayalam

എർലിങ് ഹാലൻഡിനു പകരക്കാരനായി ചെൽസി താരത്തെ ബൊറൂസിയ ഡോർട്മുണ്ട് ലക്ഷ്യമിടുന്നു

Sreejith N
TSG Hoffenheim v Borussia Dortmund - Bundesliga
TSG Hoffenheim v Borussia Dortmund - Bundesliga / Alexander Scheuber/GettyImages
facebooktwitterreddit

ഈ സീസണു ശേഷം തങ്ങളുടെ സൂപ്പർ സ്‌ട്രൈക്കറായ എർലിങ് ബ്രൂട് ഹാലൻഡിനെ നഷ്ടപ്പെടുമെന്ന യാഥാർത്ഥ്യം ബൊറൂസിയ ഡോർട്മുണ്ട് അംഗീകരിച്ചു തുടങ്ങിയെന്നു റിപ്പോർട്ടുകൾ. നോർവീജിയൻ സ്‌ട്രൈക്കർക്കു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ജർമൻ ക്ലബ് ചെൽസി താരം ടിമോ വെർണറെയാണ് പരിഗണിക്കുന്നത്.

2024 വരെ എർലിങ് ബ്രൂട് ഹാലൻഡുമായി ബൊറൂസിയ ഡോർട്മുണ്ടിനു കരാർ ഉണ്ടെങ്കിലും ഈ സീസണു ശേഷം നിലവിൽ വരുന്ന ഉടമ്പടിയാണ് അവർക്കു തിരിച്ചടി നൽകുന്നത്. ഈ ഉടമ്പടി പ്രകാരം ഈ സീസൺ അവസാനിക്കുന്നതോടെ ഹാലൻഡിന് 75 മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസ് നിലവിൽ വരും. ഇതോടെ യൂറോപ്പിലെ പ്രധാന ക്ലബുകൾക്കെല്ലാം ഈ തുക നൽകി താരത്തെ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടാകും.

എർലിങ് ഹാലൻഡിന്റെ ഏജന്റ് മറ്റു ക്ലബുകളുമായി ചർച്ചകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കെയാണ് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബൊറൂസിയ ഡോർട്മുണ്ട് ആരംഭിച്ചിരിക്കുന്നത്. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം മുൻ ലീപ്‌സിഗ് താരമായ ടിമോ വെർണറെയാണ് ഹാലാൻഡിനു പകരക്കാരനായി ജർമൻ ക്ലബ് പരിഗണിക്കുന്നത്.

2020ൽ 45 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിൽ ലീപ്‌സിഗിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറിയ ടിമോ വെർണർക്കു പക്ഷെ ഇതുവരെയും ടീമിനൊപ്പം കഴിവു തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. റൊമേലു ലുക്കാക്കു വന്നതോടെ അവസരങ്ങൾ നഷ്‌ടമായ താരം ചെൽസി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ജർമൻ ലീഗിൽ മിന്നുന്ന പ്രകടനം നടത്തിയിരുന്ന താരത്തിന്റെ സാന്നിധ്യം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഡോർട്മുണ്ട്.

വെർണറുടെ ശമ്പളം ബൊറൂസിയ ഡോർട്മുണ്ടിനെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ്. ചെൽസി താരത്തിന് നൽകുന്ന പ്രതിഫലം നൽകാൻ ജർമൻ ക്ലബിനു കഴിയില്ല. എന്നാൽ ലോകകപ്പ് അടുത്തു നിൽക്കെ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ താരം പ്രതിഫലം കുറച്ച് ടീമിലേക്ക് വരാനുള്ള സാധ്യതയിലാണ് അവരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit