എർലിംഗ് ഹാലൻഡിന് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ട് പരിഗണിക്കുന്നവരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരവും

By Gokul Manthara
Manchester United v Everton FC - Premier League
Manchester United v Everton FC - Premier League / Laurence Griffiths/Getty Images
facebooktwitterreddit

അടുത്ത സീസണിൽ ക്ലബ്ബ് വിടാൻ സാധ്യതയുള്ള നോർവീജിയൻ മുന്നേറ്റ താരം എർലിംഗ് ഹാലൻഡിന് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം ആന്തണി മാർഷ്യലിനെ ബൊറൂസിയ ഡോർട്ട്മുണ്ട് പരിഗണിക്കുന്നതായി സൂചന. അടുത്ത സമ്മറിൽ ട്രാൻസ്ഫർ വിപണിയിൽ ഏറ്റവുമധികം ഡിമാൻഡുണ്ടാകാൻ സാധ്യതയുള്ള കളികാരിലൊരാളായ ഹാലൻഡിനെ വിട്ടു കളയാൻ ഡോർട്ട്മുണ്ടിന് താല്പര്യമില്ലെങ്കിലും, ഏതെങ്കിലും സാഹചര്യത്തിൽ അദ്ദേഹത്തെ വിൽക്കേണ്ട സാഹചര്യം വരുകയാണെങ്കിൽ താരത്തിന്റെ അഭാവം നികത്താൻ കഴിവുള്ള ഒരു കളികാരനെ ജെർമ്മൻ ക്ലബ്ബ് ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ ഹാലൻഡിന് പകരക്കാരായി കൊണ്ടു വരാൻ ക്ലബ്ബ് താല്ലര്യപ്പെടുന്നവരിൽ പ്രധാനിയാണ് മാർഷ്യലെന്നാണ് 90Min മനസിലാക്കുന്നത്.

2024 വരെ തങ്ങളുമായി കരാറുള്ള മാർഷ്യലിനെ അടുത്ത സമ്മറിൽ ക്ലബ്ബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമെന്നാണ് സൂചനകൾ. 2015 ൽ താരത്തെ സ്വന്തമാക്കാൻ മൊണാക്കോക്ക് തങ്ങൾ നൽകിയതിന് തുല്യമായ ഫീസാണ് അടുത്ത സമ്മറിൽ അദ്ദേഹത്തെ വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിമാൻഡ് ചെയ്യുകയെന്നാണ് കരുതപ്പെടുന്നത്. ഹാലൻഡിന് പകരക്കാരായി ഡോർട്ട്മുണ്ട് പരിഗണിക്കുന്ന താരങ്ങളിൽ ചെൽസിയുടെ ടിമോ വെർണറുമുണ്ടെങ്കിലും സാമ്പത്തികപരമായ കാരണങ്ങളാൽ വെർണറെ സ്വന്തമാക്കുക ജെർമ്മൻ ക്ലബ്ബിന് ബുദ്ധിമുട്ടായിരിക്കും.

അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രാധാന്യം കുറഞ്ഞ മാർഷ്യലിനെ അടുത്ത സമ്മറിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനും നോട്ടമിട്ടേക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാ‌ണ്. ക്ലബ്ബിൽ പഴയ പ്രധാന്യം ലഭിക്കുക ഇനി ബുദ്ധിമുട്ടായിരിക്കുമെന്നതിനാൽ മാർഷ്യലും പുതിയ തട്ടകത്തിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ 2015 ൽ ഫ്രഞ്ച് ക്ലബ്ബായ എ എസ് മൊണാക്കോയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ മാർഷ്യൽ, ക്ലബ്ബിനായി 264 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 78 ഗോളുകൾ സ്കോർ ചെയ്ത താരം 50 അസിസ്റ്റുകളും സ്വന്തമാക്കി. 2021-22 സീസണിൽ ഇതിനോടകം 6 മത്സരങ്ങൾ റെഡ് ഡെവിൾസിനായി കളിച്ചെങ്കിലും ഗോളുകളോ, അസിസ്റ്റുകളോ നേടാൻ താരത്തിനായിട്ടില്ല.

facebooktwitterreddit