മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ കൂടുതൽ മികച്ചതായിരുന്നിട്ടും ഹാലൻഡ് ഡോർട്മുണ്ടിനെ തിരഞ്ഞെടുത്തതിന്റെ കാരണമിതാണ്


മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ മികച്ച ഓഫർ നൽകിയിട്ടും എർലിങ് ബ്രൂട് ഹാലൻഡ് ബൊറൂസിയ ഡോർട്മുണ്ടിനെയാണ് തിരഞ്ഞെടുത്തതെന്ന് ജർമൻ ക്ലബിന്റെ സിഇഒയായ ഹാൻസ് ജോക്കിം വാറ്സ്കെ. പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള അവസരം നോർവീജിയൻ താരം വേണ്ടെന്നു വച്ചതിനു പിന്നിൽ ഏജന്റായ മിനോ റയോളയുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രിയൻ ക്ലബായ ആർബി സാൽസ്ബർഗിനു വേണ്ടി നടത്തിയ പ്രകടനം കൊണ്ട് യൂറോപ്പിൽ ശ്രദ്ധാകേന്ദ്രമായി മാറിയതിനു ശേഷം 2020 ജനുവരിയിലാണ് ഹാലൻഡ് ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറുന്നത്. ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും ഹാലാൻഡിന്റെ വളർച്ചക്ക് അനുയോജ്യം ഡോർട്മുണ്ടാണെന്ന് റയോള മനസ്സിലാക്കിയതു കൊണ്ടാണ് താരം ജർമനിയിൽ എത്തിയതെന്ന് വാറ്സ്കേ പറഞ്ഞു.
Manchester United's offer to sign Erling Haaland was better than Borussia Dortmund's...
— Goal (@goal) October 28, 2021
But Mino Raiola didn't want him at Old Trafford ? pic.twitter.com/6pCsRDKm8C
"മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള ഓഫർ കൂടുതൽ മികച്ച ഒന്നായിരുന്നു. എന്നാൽ ഹാലാൻഡ് ഞങ്ങൾക്കൊപ്പമാണ് കൂടുതൽ മികച്ചതാവുകയെന്ന് റയോള മനസിലാക്കി," സ്പോർട് വണിനോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.
"പ്രതിഭയുള്ള താരങ്ങൾ ഞങ്ങളിലൂടെ വളരെ പെട്ടന്നൊരു വഴിത്തിരിവുണ്ടാക്കുന്നത് ആളുകൾ ശ്രദ്ധിച്ചിരിക്കും. കളിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നവർക്കും ഇതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. പതിനേഴു വയസുള്ള കുട്ടികളെ കളിക്കാൻ അനുവദിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു തടസവുമില്ല." ഡോർട്മുണ്ട് സിഇഒ വ്യക്തമാക്കി.
സാൽസ്ബർഗിൽ നിന്നും ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയ ഹാലാൻഡ് ഇതുവരെ 69 മത്സരങ്ങൾ കളിച്ച് എഴുപതു ഗോളും 19 അസിസ്റ്റുമാണ് നേടിയിരിക്കുന്നത്. അതേസമയം അടുത്ത സമ്മറിൽ താരം ജർമൻ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്.