Football in Malayalam

ഹാലൻഡിൽ റയൽ മാഡ്രിഡിനു താൽപര്യമുണ്ട്, ഇംഗ്ലണ്ടിനേക്കാൾ താരത്തിനു ചേരുക സ്പെയിനാണെന്നും ബൊറൂസിയ ഡോർട്മുണ്ട് സിഇഒ

Sreejith N
Borussia Dortmund v SpVgg Greuther Fürth - Bundesliga
Borussia Dortmund v SpVgg Greuther Fürth - Bundesliga / Dean Mouhtaropoulos/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ എർലിങ് ബ്രൂട് ഹാലൻഡിനു ചേക്കേറാൻ നല്ലത് സ്പെയിനാണെന്ന് ബൊറൂസിയ ഡോർട്മുണ്ട് സിഇഒയായ ഹാൻസ് ജോക്കിം വാട്സകെ. യൂറോപ്പിലെ ഫുട്ബോൾ ക്ലബുകളുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി മാറിയ ഗോളടിയന്ത്രം ഈ സീസണു ശേഷം ബൊറൂസിയ ഡോർട്മുണ്ട് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയരുന്നതിന്റെ ഇടയിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.

"എല്ലാ യൂറോപ്യൻ ക്ലബുകൾക്കും, പ്രത്യേകിച്ച് റയൽ മാഡ്രിഡിനു താരത്തെ ആവശ്യമുണ്ടെന്ന് എനിക്കറിയാം. റയലിന്റെ താൽപര്യം സ്ഥിരീകരിക്കപ്പെട്ടതുമാണ്. താരം ഇംഗ്ലണ്ടിൽ പോകുന്നതിലും നല്ലത് സ്പെയിനിൽ പോവുകയാണെന്നു ഞാൻ പലപ്പോഴും ചിന്തിക്കുകയും ചെയ്‌തതാണ്‌. എന്നാൽ ഹാലൻഡ് ഇവിടെത്തന്നെ തുടരും എന്നാണു ഞങ്ങൾ കരുതുന്നത്," വാട്സകെ ബിൽഡിനോട് പറഞ്ഞു.

2020 ജനുവരിയിൽ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറിയതിനു ശേഷം 75 മത്സരങ്ങളിൽ നിന്നും 76 ഗോളുകളാണ് ഹാലൻഡ് നേടിയത്. ബൊറൂസിയ ഡോർട്മുണ്ടുമായി അഞ്ചു വർഷത്തെ കരാറാണ് ഒപ്പിട്ടതെങ്കിലും ഈ സീസൺ കഴിയുന്നതോടെ താരത്തിന്റെ റിലീസിംഗ് ക്ളോസ് 64 മില്യൺ പൗണ്ടായി കുറയുമെന്ന അഭ്യൂഹങ്ങളാണ് ക്ലബുകൾക്ക് പ്രതീക്ഷ നൽകുന്നത്.

റയൽ മാഡ്രിഡിന്റെ താൽപര്യത്തെക്കുറിച്ച് മാത്രമാണ് വാട്സകെ പരാമർശിച്ചതെങ്കിലും യൂറോപ്പിലെ ഒട്ടുമിക്ക പ്രധാന ക്ലബുകൾക്കും ഹാലൻഡിൽ താൽപര്യമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നിവരും സ്‌പാനിഷ്‌ ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവരും ജർമൻ ക്ലബായ ബയേൺ മ്യൂണിക്കും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.

അതേസമയം തന്റെ ഭാവിയെക്കുറിച്ച് ഇതുവരെയും ഒരു സൂചന പോലും എർലിങ് ഹാലൻഡ് നൽകിയിട്ടില്ല. അതേസമയം താരത്തിന്റെ ഏജന്റായ മിനോ റയോള അടുത്ത സമ്മറിലോ അതല്ലെങ്കിൽ അതിനുമടുത്ത സമ്മറിലോ താരം ബൊറൂസിയ ഡോർട്മുണ്ട് വിടാൻ സാധ്യതയുണ്ടെന്നു ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit