Manchester United

വിജയം നേടിയ സന്തോഷത്തിലും നിരാശപ്പെടുത്തുന്ന കാര്യം വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ

Sreejith N
Manchester United v Brighton & Hove Albion - Premier League
Manchester United v Brighton & Hove Albion - Premier League / Clive Brunskill/Getty Images
facebooktwitterreddit

ഗ്രനാഡക്കെതിരെ നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ വിജയം നേടിയെങ്കിലും മൂന്നു താരങ്ങൾക്ക് ബുക്കിങ് മൂലം സസ്‌പെൻഷൻ ലഭിച്ചതിന്റെ നിരാശ പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ഗ്രാനഡയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ റാഷ്‌ഫോർഡും ബ്രൂണോ ഫെർണാണ്ടസും ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ വിജയം നേടിയതിൽ വളരെയധികം സന്തോഷമുണ്ടെങ്കിലും ഇതൊരു മികച്ച രാത്രിയല്ലെന്നാണ് സോൾഷെയർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹാരി മാഗ്വയർ, സ്‌കോട്ട് മക്ടോമിനായ്, ലുക്ക് ഷാ എന്നിങ്ങനെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു താരങ്ങളെയാണ് സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ സസ്‌പെൻഷൻ മൂലം മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമാവുക.

"ഇതൊരു മികച്ച രാത്രിയായിരുന്നില്ല. ഞങ്ങൾക്ക് മൂന്നു മഞ്ഞക്കാർഡുകളും മൂന്നു സസ്പെൻഷനുകളും ലഭിച്ചു. എങ്കിലും രണ്ടു ഗോളുകളുടെ വിജയം ഗുണം ചെയ്യും. സ്പെയിനിലേക്ക് വരുന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞങ്ങൾക്കറിയാം. എങ്കിലും നല്ല മത്സരം കളിച്ച് നല്ല റിസൾട്ടുണ്ടാക്കാൻ കഴിഞ്ഞു." സോൾഷെയർ മത്സരത്തിന് ശേഷം ബിടി സ്പോർട്ടിനോട് പറഞ്ഞു.

മത്സരത്തിൽ ഗോൾ നേടിയതോടെ യൂറോപ്യൻ ടൂർണമെന്റിലെ എട്ടു ഗോളടക്കം ഈ സീസണിലെ ഇരുപതാമത്തെ ഗോളാണ് റാഷ്‌ഫോർഡ് സ്വന്തമാക്കിയത്. 1964-65ലെ സീസണിൽ സർ ബോബി ചാൾട്ടൻ നേടിയതിനു ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി യൂറോപ്യൻ ടൂർണമെന്റുകളിൽ എട്ടു ഗോളുകൾ സ്വന്തമാക്കുന്നത്.

അതേസമയം പെനാൽറ്റിയിലൂടെ വലകുലുക്കിയ ബ്രൂണോ ഫെർണാണ്ടസ് ഈ സീസനിൽ ഇരുപത്തിനാലു ഗോളുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ സീസണിൽ എടുത്ത ഇരുപതു പെനാൽറ്റികളിൽ പത്തൊൻപതെണ്ണത്തിലും ഗോൾ കണ്ടെത്താൻ പോർച്ചുഗൽ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

facebooktwitterreddit