വാൻ ഡൈക്കിനും തിയാഗോക്കും പരിക്ക്; ലീഗ് കിരീടം നിലനിറുത്താനൊരുങ്ങുന്ന ലിവർപൂളിന് തിരിച്ചടി

Virgil van Dijk
Everton v Liverpool - Premier League | Laurence Griffiths/Getty Images

എവർട്ടണെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ സൂപ്പർതാരങ്ങളായ വിർജിൽ വാൻ ഡൈക്കിനും തിയാഗോ അൽകാൻട്രക്കും പരിക്കു പറ്റിയതിൽ ആശങ്കയോടെ ലിവർപൂൾ. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ എവർട്ടൺ ഗോൾകീപ്പർ പിക്ക്‌ഫോർഡിന്റെ ചാലഞ്ചിൽ പരിക്കേറ്റു വാൻ ഡൈക്ക് പുറത്തു പോയപ്പോൾ അവസാന നിമിഷങ്ങളിൽ റിചാലിസണിന്റെ ഫൗളിലാണ് തിയാഗോക്ക് പരിക്കേറ്റത്. രണ്ടു താരങ്ങളുടെയും പരിക്കിന്റെ വിശദശാംശങ്ങൾ അറിഞ്ഞിട്ടില്ലെങ്കിലും നിലവിലെ സൂചനകൾ പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ലിവർപൂളിന് ആശങ്ക തന്നെയാണ്.

തിയാഗോയുടെ പരിക്കിന്റെ നില ഗുരുതരമല്ലെന്നാണ് സൂചനകളെങ്കിലും വാൻ ഡൈക്കിന്റെ കാര്യത്തിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ നേരെ തിരിച്ചാണ്. നെതർലൻഡ്‌സ് താരത്തിന് ലിഗ്‌മെന്റിനു ഗുരുതരമായ തകരാറു സംഭവിച്ചിട്ടുണ്ടെന്നും എട്ടു മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങിനെയാണെങ്കിൽ ഈ സീസൺ തന്നെ വാൻ ഡൈക്കിനു നഷ്ടമാകും.

അതേ സമയം, കളിയുടെ തുടക്കത്തിൽ തന്നെ വാൻ ഡൈക്കിനെ പരിക്കേൽപ്പിച്ച എവർട്ടൺ ഗോൾകീപ്പർ പിക്ക്‌ഫോർഡിനു ഒരു കാർഡ് പോലും നൽകാത്തതിൽ നായകൻ ഹെൻഡേഴ്‌സനും പരിശീലകൻ ക്ളോപ്പും അതൃപ്തിയറിയിച്ചു. ആ ഫൗളിൽ വീഡിയോ റഫറിയിങ്ങിന്റെ ഇടപെടൽ ഉണ്ടാകാതിരിക്കുകയും എന്നാൽ അവസാന നിമിഷം ലിവർപൂൾ നേടിയ വിജയഗോൾ വീഡിയോ റഫറി ഇടപെട്ട് ഒഴിവാക്കുകയുമുണ്ടായിരുന്നു. വാൻ ഡൈക്കിനെതിരായ ഫൗളിനു മുൻപ് ഓഫ്‌സൈഡ് അല്ലായിരുന്നെങ്കിൽ അത് തീർച്ചയായും പെനാൽറ്റിയായിരുന്നു എന്നും എന്നാൽ അതിൽ ഇടപെടൽ നടത്താൻ ഞങ്ങൾക്ക് കഴിയില്ലെന്നും ക്ളോപ്പ് പറഞ്ഞു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റീചാർലിസണിന്റെ ഫൗളേറ്റ തിയാഗോ കളിക്കളത്തിൽ തുടർന്നെങ്കിലും അതിനു ശേഷം പരിക്കിന്റെ ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞുവെന്നും ക്ളോപ്പ് വെളിപ്പെടുത്തി. കൂടുതൽ പരിശോധനകൾ നടത്തിയാലേ ഇക്കാര്യം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലിയൻ താരം ആ ഫൗളിനെ തുടർന്ന് ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയ മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.