ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം ഗ്വാർഡിയോളയെയും ഏജന്റിനെയും അറിയിച്ച് ബെർണാഡോ സിൽവ
By Sreejith N

ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം പെപ് ഗ്വാർഡിയോളയെയും തന്റെ ഏജന്റായ ജോർജ് മെൻഡസിനെയും അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവ. സാവിക്കു കീഴിൽ അടുത്ത സീസണിൽ കളിക്കാൻ പോർച്ചുഗൽ താരം വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നാണ് സ്‌പാനിഷ് മാധ്യമം സ്പോർട്ട് റിപ്പോർട്ടു ചെയ്‌തത്.
ക്ലബ് വിടണമെന്ന് ഏതു താരം ആഗ്രഹിച്ചാലും അതിനു തടസം നിൽക്കാത്ത ക്ലബായ മാഞ്ചസ്റ്റർ സിറ്റി സിൽവയുടെ കാര്യത്തിലും അതു തന്നെ പിന്തുടരാനാണ് സാധ്യത. എന്നാൽ 2025 വരെ കരാറുള്ള താരത്തിന് 100 മില്യൺ യൂറോയാണ് ട്രാൻസ്‌ഫർ തുകയായി പ്രതീക്ഷിക്കുന്നത്. അതൊരു അറുപതു മില്യൺ യൂറോയാക്കി ട്രാൻസ്‌ഫർ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സയും നടത്തുന്നു.
Bernardo Silva 'tells agent to secure Barcelona move' https://t.co/OJI31rSB52
— Sports Mole (@SportsMole) July 3, 2022
ഫ്രങ്കീ ഡി ജോംഗിനെ വിൽപ്പന നടത്തി ബെർണാർഡോ സിൽവയുടെ ട്രാൻസ്‌ഫറിനു വേണ്ട തുക കണ്ടെത്താമെന്നാണ് ബാഴ്‌സലോണ കരുതുന്നത്. കഴിഞ്ഞ ദിവസം ഡച്ച് മധ്യനിര താരത്തെ ബാഴ്‌സ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ലപോർട്ട പറഞ്ഞെങ്കിലും അത് താരത്തിനായി രംഗത്തുള്ള ക്ലബുകൾക്കു മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമായാണ് വിലയിരുത്തൽ.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ലീഗ് നേടാൻ സഹായിച്ച ബെർണാർഡോ സിൽവ സാവിയുടെ പ്രൊജക്റ്റിനോട് പൂർണമായ സഹകരണം അറിയിച്ചിട്ടുണ്ടെങ്കിലും താരത്തെ വാങ്ങുന്നത് ബാഴ്‌സക്ക് അത്രയെളുപ്പമാകില്ല. മൊണാക്കോയിൽ നിന്നും അമ്പതു മില്യൺ യൂറോ നൽകിയാണ് സിൽവയെ സിറ്റി സ്വന്തമാക്കിയത് എന്നതിനാൽ തന്നെ ട്രാൻസ്‌ഫർ ഫീസിന്റെ കാര്യത്തിൽ അവർ ഇളവുകൾ തരാനുള്ള സാധ്യതയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.