പിഎസ്‌ജിയുമായുള്ള ട്രാൻഫർ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ച് മാഞ്ചസ്റ്റർ സിറ്റി താരം ബെർണാർഡോ സിൽവ
By Vaisakh. M

2020ലും 2021ലും ക്ലബ്ബ് വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ ബാഴ്സലോണയുമായും അടുത്തിടെ പിഎസ്‌ജിയുമായും ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരമാണ് ബെർണാർഡോ സിൽവ. താരത്തിനായി സൂപ്പർതാരം നെയ്മറെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൈമാറ്റക്കരാറിനു പിഎസ്‌ജി ശ്രമിച്ചുവെന്നും റിപ്പോർട്ടുകൾ ഉയർന്നിരുന്നു.
എന്നാൽ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബെർണാർഡോ സിൽവ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്കായി തന്റെ കഴിവിന്റെ പരമാവധി നൽകുമെന്ന് സിൽവ ആരാധകർക്ക് ഉറപ്പു നൽകുന്നു. ക്ലബ്ബ് അമേരിക്കക്കെതിരെ ഹ്യൂസ്റ്റണിൽ വെച്ചു നടന്ന സിറ്റിയുടെ പ്രീസീസൺ മത്സരത്തിനു ശേഷം നടന്ന അഭിമുഖത്തിലാണ് താരം ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. മത്സരത്തിൽ 2-1നു സിറ്റി വിജയം സ്വന്തമാക്കിയിരുന്നു.
"ശരിക്കും, എനിക്ക് ഉറപ്പില്ല, ഞാൻ എന്റെ സീസണു വേണ്ടി കഴിയുന്നത്ര നന്നായി തയ്യാറാകുന്നു എന്നതാണ് ശരിക്കും പ്രധാനം. ഞാൻ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്നിടത്തോളം കാലം ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും," അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സിൽവ പറഞ്ഞു.
"ക്ലബ്ബുമായും ആരാധകരുമായും എന്റെ ടീമംഗങ്ങളുമായും ഉള്ള എന്റെ ബന്ധം അതിശയകരമാണ്, ഞാൻ അതിനെ എപ്പോഴും ബഹുമാനിക്കും," താരം കൂട്ടിച്ചേർത്തു.
സിറ്റിയുടെ ആദ്യ പ്രീ-സീസൺ മത്സരത്തിൽ 77 മിനുട്ട് കളിക്കാൻ സിൽവക്ക് സാധിച്ചിരുന്നു. ബയേൺ മ്യൂണിക്കിനെതിരെ അടുത്തയാഴ്ച വിസ്കോൺസിനിലെ ഗ്രീൻ ബേയിൽ വെച്ചു നടക്കാനിരിക്കുന്ന പ്രീസീസൺ മത്സരത്തിലും താരത്തിനു കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.