ബാഴ്സലോണ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബെർണാർഡോ സിൽവ


ഈ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് മാഞ്ചസ്റ്റർ സിറ്റി താരം ബെർണാർഡോ സിൽവ. നിലവിൽ പോർച്ചുഗൽ ടീമിനൊപ്പം യുവേഫ നേഷൻസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ബെർണാർഡോ സിൽവ അതിനു ശേഷമേ തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കൂവെന്നാണ് വ്യക്തമാക്കിയത്.
ഇരുപത്തിയേഴു വയസുള്ള സിൽവയെ സ്വന്തമാക്കാൻ ബാഴ്സക്ക് വളരെയധികം താൽപര്യമുണ്ടെന്നും അതിനായി താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസിനെ കണ്ടുവെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാവിക്ക് താരത്തിൽ വളരെയധികം താൽപര്യം ഉണ്ടെങ്കിലും തന്റെ ഭാവിയെക്കുറിച്ച് പ്രതികരിക്കാൻ സിൽവ തയ്യാറായില്ല.
Bernardo Silva refuses to commit to Man City as he addresses Barcelona transfer reports #mcfc https://t.co/8ai5p8t6JU
— Manchester City News (@ManCityMEN) June 10, 2022
"ദൗർഭാഗ്യവശാൽ എനിക്കതിനു മറുപടി നൽകാൻ കഴിയില്ല. കാരണം ഞാനിപ്പോൾ ദേശീയ ടീമിനൊപ്പമാണ്, ബാക്കിയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സീസൺ കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം." ചെക്ക് റിപ്പബ്ലിക്കുമായി നടന്ന മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സിൽവ പറഞ്ഞു.
2017 മുതൽ മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാർഡോ സിൽവ സ്ഥിരതയാർന്ന പ്രകടനമാണ് ക്ലബിനായി നടത്തിയിട്ടുള്ളത്. ഈ സീസണിൽ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയതിൽ നിർണായക പങ്കു വഹിച്ച താരം എട്ടു ഗോളുകളും നാല് അസിസ്റ്റുകളും ലീഗ് പോരാട്ടങ്ങളിൽ സ്വന്തമാക്കി.
ഇന്നലെ ചെക്ക് റിപ്പബ്ലിക്കുമായി നടന്ന മത്സരത്തിലും പോർചുഗലിനെ വിജയിപ്പിച്ചത് ബെർണാർഡോ സിൽവയുടെ മികച്ച പ്രകടനമായിരുന്നു. മൊത്തം നാല് സുവര്ണാവസരങ്ങൾ മത്സരത്തിൽ സൃഷ്ടിച്ച താരം പോർച്ചുഗലിന്റെ രണ്ടു ഗോളിനും വഴിയൊരുക്കുകയും ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.