Football in Malayalam

ലോകകപ്പ് പ്ലേ ഓഫ് ഫൈനൽ വെല്ലുവിളിയെ അതിജീവിക്കാൻ പോർച്ചുഗലിനു കഴിയുമെന്ന് ബെർണാർഡോ സിൽവ

Sreejith N
Silva Insists Portugal Can Manage Pressure In World Cup Play Off Final
Silva Insists Portugal Can Manage Pressure In World Cup Play Off Final / Gualter Fatia/GettyImages
facebooktwitterreddit

ഖത്തർ ലോകകപ്പിനു യോഗ്യത നേടാനുള്ള പ്ലേ ഓഫ് ഫൈനൽ മത്സരത്തിന്റെ വെല്ലുവിളിയെ മറികടക്കാൻ പോർച്ചുഗൽ ടീമിനു കഴിയുമെന്ന് ബെർണാർഡോ സിൽവ. നാളെ, മാർച്ച് 29നു രാത്രി കലാശപ്പോരാട്ടത്തിൽ നോർത്ത് മാസിഡോണിയയെ നേരിടാൻ തയ്യാറെടുത്തു നിൽക്കെയാണ് ടീമിന്റെ ആത്മവിശ്വാസം മാഞ്ചസ്റ്റർ സിറ്റി താരം വെളിപ്പെടുത്തിയത്.

പ്ലേ ഓഫിലെ ആദ്യത്തെ മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി പോർച്ചുഗൽ ഫൈനലിൽ ഇടം നേടിയപ്പോൾ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ ട്രായ്‌ക്കോവ്സ്‌കി അവസാനമിനുട്ടുകളിൽ നേടിയ ഒരേയൊരു ഗോളിൽ അട്ടിമറിച്ചാണ് നോർത്ത് മാസിഡോണിയ ലോകകപ്പ് യോഗ്യതയുടെ തൊട്ടരികിൽ എത്തിയത്.

"ലോകകപ്പിൽ പങ്കെടുക്കുകയെന്ന ഉത്തരവാദിത്വത്തിന്റെ അർഥം എതിരാളിയെ കണക്കിലെടുക്കാതെ തന്നെ ഞങ്ങൾക്ക് സമ്മർദ്ദം ഉണ്ടെന്നതാണ്. ആ സമ്മർദ്ദം നിലവിലുമുണ്ട്. ഇറ്റലിയോ നോർത്ത് മാസിഡോണിയയോ ആരായാലും ഈ സമ്മർദ്ദമുണ്ടാകും. ക്ലബുകളിലും ഈ സമ്മർദ്ദം ഞങ്ങൾ അനുഭവിക്കാറുണ്ട്."

"പരിചയസമ്പത്തുള്ള താരങ്ങൾ നിർണായകമായ മത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാകുന്നത് സഹായം ചെയ്യും. അതുപോലെ തന്നെ നോർത്ത് മാസിഡോണിയ ഇതുപോലത്തെ നിരവധി മത്സരങ്ങൾ കളിച്ചിട്ടില്ലെന്നത് അവർക്കും വളരെ വലിയ പ്രചോദനം നൽകും." മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ ബെർണാർഡോ സിൽവ പറഞ്ഞു.

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇറ്റലിയെയും ജർമനിയെയും വീഴ്ത്തിയിട്ടുള്ള നോർത്ത് മസിഡോണിയ തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ലോകകപ്പാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ യൂറോ കപ്പിന് യോഗ്യത നേടാൻ കഴിഞ്ഞ ടീമാണെങ്കിലും റൊണാൾഡോ അടക്കമുള്ള താരങ്ങളുള്ള പോർച്ചുഗലിനെ വീഴ്ത്തുക അവർക്ക് വലിയ കടമ്പ തന്നെയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit