സെര്‍ബിയക്കെതിരെയുള്ള തോല്‍വിയില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബെര്‍ണാഡോ സില്‍വ

Haroon Rasheed
Bernardo Silva apologised to Portugal fans after Serbia defeat
Bernardo Silva apologised to Portugal fans after Serbia defeat / Gualter Fatia/GettyImages
facebooktwitterreddit

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയക്കെതിരെയുള്ള തോല്‍വിക്ക് ശേഷം ആരാധകോരട് മാപ്പ് പറഞ്ഞ് പോര്‍ച്ചുഗീസ് താരം ബെര്‍ണാഡോ സില്‍വ. കഴിഞ്ഞ ദിവസമാണ് 2-1 എന്ന സ്‌കോറിന് പോര്‍ച്ചുഗല്‍ സെര്‍ബിയയോട് പരാജയപ്പെട്ടത്. ഒരു പോയിന്റ് ലഭിച്ചാല്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാമായിരുന്ന പോർചുഗലിനെ 89ആം മിനുറ്റിൽ നേടിയ ഗോളിനാണ് സെർബിയ വീഴ്ത്തിയത്.

മത്സരം ജയിച്ചതോടെ 20 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയ സെര്‍ബിയ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ, പ്ലേഓഫ് വഴി യോഗ്യത നേടേണ്ട ഗതിയിലായി പറങ്കിപ്പട.

സെർബിയക്കെതിരെ മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ റെനാറ്റോ സാഞ്ചസ് പോർച്ചുഗലിന് വേണ്ടി നേടിയ ഗോളിന് വഴിയൊരുക്കിയ ബെർണാർഡോ സിൽവ, മത്സരശേഷം തോൽ‌വിയിൽ ആരാധകരോട് മാപ്പ് പറഞ്ഞു.

"ഇത് പോര്‍ച്ചുഗലിന്റെ മോശം മത്സരമായിരുന്നു, തോല്‍വിയെ കുറിച്ച് പറയാന്‍ കൂടുതലൊന്നും എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ഇത് ഭയാനകരമായിരുന്നു, ഇതിലും നന്നായി കളിക്കേണ്ടിയിരുന്നു, പ്ലേഓഫില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പിന് യോഗ്യത നേടും, പക്ഷെ 65,000 കാണികള്‍ക്ക് മുന്‍പില്‍ സ്വന്തം നാട്ടില്‍ ഇതിലും മികച്ച പ്രകടനം നടത്താമായിരുന്നു, മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും അന്തമി ഫലം അനുകൂലമാക്കാന്‍ കഴിഞ്ഞില്ല, മത്സരം നേരിട്ടും അല്ലാതെയും കണ്ട എല്ലാ പോര്‍ച്ചുഗീസ് ആരാധകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു," സില്‍വ പറഞ്ഞു.

അതേ സമയം, രണ്ടാം മിനുട്ടിൽ മുന്നിലെത്തിയ പോർചുഗലിനെതിരെ 33ാം മിനുട്ടില്‍ ഡുസന്‍ ടാഡിച്ചിലൂടെ സമനില ഗോൾ കണ്ടെത്തിയ സെർബിയ, 89ആം മിനുറ്റിൽ അലക്‌സാണ്ടർ മിട്രോവിച്ചിലൂടെയാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച വിജയഗോൾ നേടിയത്.

facebooktwitterreddit