Football in Malayalam

ഈ സീസണു ശേഷം എംബാപ്പെ ക്ലബ് വിടുമെന്നു കരുതുന്നില്ല, താരം ഫ്രാൻസിൽ തുടരണമെന്ന് മുൻ പിഎസ്‌ജി താരം ബെർണാഡ് ലെമ

Sreejith N
Paris Saint-Germain v FC Nantes - Ligue 1
Paris Saint-Germain v FC Nantes - Ligue 1 / John Berry/GettyImages
facebooktwitterreddit

അപ്രതീക്ഷിതമായ നിരവധി ട്രാൻസ്‌ഫറുകൾ കണ്ട ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പ്രതീക്ഷിച്ചിട്ടും സംഭവിക്കാതെ പോയ ട്രാൻസ്‌ഫറാണ് കെയ്‌ലിയൻ എംബാപ്പയുടേത്. പിഎസ്‌ജി കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ 200 മില്യൺ യൂറോ വരെ റയൽ മാഡ്രിഡ് ഫ്രഞ്ച് താരത്തിനു വേണ്ടി ഓഫർ ചെയ്‌തെങ്കിലും അതെല്ലാം പിഎസ്‌ജി തള്ളുകയായിരുന്നു.

എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഇക്കഴിഞ്ഞ സമ്മറിൽ പരാജയപ്പെട്ടു പോയെങ്കിലും അടുത്ത സമ്മറിൽ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡുള്ളത്. എന്നാൽ റയലിന്റെ മോഹമവസാനിപ്പിക്കാൻ താരത്തിന്റെ കരാർ പുതുക്കുന്നതിനായി പിഎസ്‌ജി ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. അതേസമയം താരം ക്ലബ് വിടുമെന്നു താൻ കരുതുന്നില്ലെന്നാണ് പിഎസ്‌ജിയുടെ മുൻ താരമായ ബെർണാഡ് ലാമ പറയുന്നത്.

"എംബാപ്പെ ഈ സീസണു ശേഷം ക്ലബ് വിടുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പൊന്നുമില്ല. കുറച്ചു വർഷങ്ങൾ കൂടി ഇവിടെ തുടരാൻ താരത്തോട് ഞാൻ നിർദ്ദേശിക്കുന്നു. കാരണം എംബാപ്പെക്ക് നിറവേറ്റാൻ ബാക്കിയുള്ള സ്വപ്‌നങ്ങളിൽ പാരീസിൽ 2024ൽ നടക്കുന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കുക എന്നതു കൂടിയുണ്ട്."

"ഇപ്പോഴും കരിയറിന്റെ തുടക്കത്തിൽ തന്നെയാണ് എംബാപ്പെ നിൽക്കുന്നത്, നല്ല രീതിയിൽ നിർദ്ദേശങ്ങൾ ലഭിക്കുന്ന താരം ധൃതി വെക്കുന്നില്ല. നിലവിൽ തന്നെ ആഗോള തലത്തിൽ താരമായ എംബാപ്പെക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ, ലയണൽ മെസി, റൊണാൾഡോ എന്നിവരുടെ കാലഘട്ടം കഴിഞ്ഞാൽ ലോക ഫുട്ബോളിലെ താരമാകാം," ലാമ വ്യക്തമാക്കി.

എംബാപ്പയുടെ കരാർ പുതുക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ പിഎസ്‌ജിക്കുണ്ടെങ്കിലും ജനുവരി മുതൽ അതിനു കനത്ത വെല്ലുവിളികൾ നേരിടേണ്ടി വരും. നിലവിൽ തന്നെ യൂറോപ്പിലെ മിക്ക ക്ലബുകൾക്കും താൽപര്യമുള്ള എംബാപ്പെക്ക് ജനുവരി മുതൽ മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്താനും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാനും കഴിയും.


facebooktwitterreddit