'കരീം ബെൻസേമയുടെ തിരിച്ചു വരവ് ഫ്രാൻസ് ദേശീയ ടീമിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു'; തുറന്നടിച്ച് ഒളിവർ ജിറൂഡ്

By Gokul Manthara
Spain v France - UEFA Nations League
Spain v France - UEFA Nations League / Anadolu Agency/GettyImages
facebooktwitterreddit

കരീം ബെൻസേമയെ ദേശീയ ടീമിലേക്ക് തിരിച്ചു വിളിക്കാനുള്ള പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ തീരുമാനം ഫ്രാൻസ് ടീമിന്റെ തന്ത്രങ്ങളെ സാരമായി ബാധിച്ചെന്ന് ഒളിവർ ജിറൂഡ്. ബെൻസേമ തിരിച്ചെത്തിയതോടെ ത‌ങ്ങളുടെ കളി ശൈലിയിൽ മാറ്റം വരുത്താ‌ൻ ഫ്രാൻസ് നിർബന്ധിതരായെന്ന് ചൂണ്ടിക്കാട്ടിയ ജിറൂഡ്, ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ അവർക്ക് നിരവധി മത്സരങ്ങൾ വേണ്ടി വന്നെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ എൽ എക്വിപിനോട് സംസാരിക്കവെയായിരുന്നു എസി മിലാൻ താരമായ ജിറൂഡ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ബെൻസേമ ദേശീയ ടീമിലേക്ക് തിരിച്ചു വരുന്ന കാര്യം പരിശീലകൻ പ്രഖ്യാപിച്ചപ്പോളാണ് താൻ അറിഞ്ഞതെന്നാണ് ജിറൂഡ് പറയുന്നത്‌. അത് പരിശീലകന്റെ ഇഷ്ടമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എന്നാൽ കുറച്ച് നേരത്തെ അക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. ഇതിനൊപ്പമായിരുന്നു റയൽ താരത്തിന്റെ വരവ് ദേശീയ ടീമിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ജിറൂഡ് സംസാരിച്ചത്.

"കോച്ച് പ്രഖ്യാപിച്ചപ്പോളാണ് ഞാൻ അക്കാര്യം അറിഞ്ഞത് (ബെൻസേമയുടെ തിരിച്ചുവരവ്). അത് ദിദിയർ ദെഷാംപ്സിന്റെ ഇഷ്ടമായിരുന്നു. എനിക്കത് മനസിലായി‌. പക്ഷേ അക്കാര്യത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു."

"എനിക്ക് കരീമിനോട് ഒരു പ്രശ്നവുമില്ല. എന്നാൽ ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ് തന്ത്രപരമായ അസന്തുലിതാവസ്ഥയും, കളി രീതിയിൽ മാറ്റവും സൃഷ്ടിച്ചു. ചില മത്സരങ്ങളിൽ ഇത് പ്രകടമായിരുന്നു. അത് മാറാൻ സമയമെടുത്തു."

"യൂറോപ്യൻ ചാമ്പ്യൻഷിപ്പിനിടെ എനിക്ക് കരീമുമായി പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ എല്ലാ ദിവസവും ഒരേ മേശയിലിരുന്നാണ് ഭക്ഷണം കഴിച്ചത്," ബെൻസേമയുടെ തിരിച്ചുവരവോടെ ഫ്രാൻസ് ടീമിൽ പ്രാധാന്യം കുറഞ്ഞ ജിറൂഡ് പറഞ്ഞു.


facebooktwitterreddit