എർലിങ് ഹാലൻഡിനെ സ്വന്തമാക്കിയാൽ റയൽ മാഡ്രിഡ് വിടും, മുന്നറിയിപ്പുമായി കരിം ബെൻസിമ

Getafe CF v Real Madrid CF - La Liga Santander
Getafe CF v Real Madrid CF - La Liga Santander / Denis Doyle/GettyImages
facebooktwitterreddit

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കിലിയൻ എംബാപ്പെ, എർലിങ് ബ്രൂട് ഹാലൻഡ് എന്നിവരെ ഒരുമിച്ച് ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയായി നോർവേ താരത്തെ ടീമിലെത്തിച്ചാൽ താൻ ക്ലബ് വിടുമെന്ന് റയലിന്റെ സൂപ്പർസ്‌ട്രൈക്കറായ ബെൻസിമ അറിയിച്ചതായി റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ എൽ നാഷനലിനെ അടിസ്ഥാനമാക്കി ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം റയൽ മാഡ്രിഡ് ആക്രമണ നിരയിലെ കുന്തമുനയായ കരിം ബെൻസിമ ഈ സീസണിലും തന്റെ മികച്ച ഫോം തുടരുകയാണ്. ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്നും 24 ഗോളുകൾ നേടിയ താരം കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനലിലും ഗോൾ കണ്ടെത്തി ഈ സീസണിൽ റയൽ മാഡ്രിഡിന് ആദ്യ കിരീടം സ്വന്തമാക്കി നൽകുന്നതിനു നിർണായക പങ്കു വഹിച്ചിരുന്നു.

എന്നാൽ ഭാവി ടീമിനെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന റയൽ മാഡ്രിഡിൽ അടുത്ത ഗലാറ്റിക്കോ യുഗത്തിന് വരുന്ന സീസണിൽ തുടക്കമാകുമെന്ന സൂചനകൾ നൽകിയാണ് ക്ലബ് എംബാപ്പയെയും ഹാലൻഡിനെയും ഒരുമിച്ച് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്. ഇരുവരും റയലിലെത്തിയാൽ അടുത്ത സീസണിൽ ബെൻസിമയുടെ അവസരം കുറയുമെന്നതിൽ സംശയവുമില്ല.

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവസ്ട്രൈക്കറായി കണക്കാക്കപ്പെടുന്ന ഹാലൻഡിനു പിന്നിൽ റയൽ മാഡ്രിഡിലെ പകരക്കാരനായി കളിക്കാൻ ബെൻസിമക്ക് താൽപര്യമില്ല. ഇപ്പോഴും മികച്ച പ്രകടനം ക്ലബിനു വേണ്ടി നടത്തുന്ന താരം കരിയറിൽ ഇനിയും കുറച്ചു വർഷങ്ങൾ കൂടി ഇതേ മികവ് തുടരാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ അവസരങ്ങൾ ലഭിക്കുന്ന മറ്റു ക്ലബുകൾ തേടാമെന്നു തന്നെയാണ് കരുതുന്നത്.

അതേസമയം കരിം ബെൻസിമ തന്റെ നിലപാടിൽ ഉറച്ചു നിന്നാൽ ഹാലൻഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ നിന്നും റയൽ മാഡ്രിഡ് പുറകോട്ടു പോകുമെന്നും അതെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഫ്ലോറന്റീനോ പെരസിന്റെ ഇഷ്ടതാരമായ ബെൻസിമയെ ക്ലബിൽ നിന്നും ഇത്തരത്തിൽ ഒഴിവാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും സ്‌പാനിഷ്‌ മാധ്യമം പറയുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.